പദവിയും യോഗ്യതയും ശമ്പളവും വ്യത്യസ്തം: കുടുംബശ്രീ നടത്തിയത് ഒറ്റ പരീക്ഷ
കുടുംബശ്രീയില്‍ നിലവിലുള്ള കീഴ്വഴക്കം അനുസരിച്ചാണ് പരീക്ഷയും നിയമനവും നടത്തിയതെന്നാണ് കുടുംബശ്രീ മേധാവികളുടെ വിശദീകരണം.
പദവിയും യോഗ്യതയും ശമ്പളവും വ്യത്യസ്തമായ കുടുംബശ്രീയിലെ എട്ട് പോസ്റ്റിലേക്ക് സിഎംഡി നടത്തിയത് ഒറ്റ പരീക്ഷ. പരീക്ഷ കഴിഞ്ഞപ്പോള്‍ പേപ്പറുകള്‍ക്കൊപ്പം ഉദ്യോഗാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റും തിരികെ വാങ്ങി. കുടുംബശ്രീയില്‍ നിലവിലുള്ള കീഴ്വഴക്കം അനുസരിച്ചാണ് പരീക്ഷയും നിയമനവും നടത്തിയതെന്നാണ് കുടുംബശ്രീ മേധാവികളുടെ വിശദീകരണം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിലായി മാര്‍ച്ച് 12-നായിരുന്നു എഴുത്ത് പരീക്ഷ. പത്ത് വിഭാഗങ്ങളിലേക്ക് 9000 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ കാറ്റഗറി വണ്ണില്‍ മാത്രം എട്ട് പോസ്റ്റുകള്‍. അതിനകത്തുള്ള ഫിനാന്‍സ് കണ്‍സെല്‍ട്ടന്റിനും ജെന്റര്‍-ട്രൈബല്‍ കണ്‍സള്‍ട്ടന്റിനും ചോദിച്ചിരിക്കുന്നത് ഒരേ യോഗ്യത. പരീക്ഷയും ഒന്ന് തന്നെ. 30000 രൂപ ശമ്പളമുള്ള കണ്‍സള്‍ട്ടന്റിനും 80000 രൂപ ശമ്പളമുള്ള ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ക്കും വേണ്ട യോഗ്യതതയും ഒന്ന് തന്നെ. പരീക്ഷയും ഒരുമിച്ച്. പരീക്ഷ കഴിഞ്ഞപ്പോള്‍ ഹാള്‍ ടിക്കറ്റും തിരികെ വാങ്ങി. കട്ട് ഓഫ് മാര്‍ക്ക് എത്രയെന്ന് പോലും അറിയിക്കാതെയായിരുന്നു റാങ്ക് ലിസ്റ്റ് ഇട്ടത്.
ഒരു വൈരുദ്ധ്യം നോക്കാം. 30000 രൂപ മാസശമ്പളമുളള ഫിനാന്‍സ് കണ്‍സള്‍ട്ടന്റ് റാങ്ക് ലിസ്റ്റില്‍ 90-മതായിരുന്നു ഡോ.പ്രവീണ്‍. മിഷന്‍ മാനേജര്‍ റാങ്ക് ലിസ്റ്റില്‍ 25-മതും. എന്നാല്‍ 80000 രൂപയുള്ള ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഡോ.പ്രവീണ്‍ സി.എസ് മൂന്നാം റാങ്കുകാരനായി. ഒന്നും രണ്ടും റാങ്കുകാര്‍ക്ക് ആ ജോലി നല്‍കാതെ പ്രവീണ്‍ സി.എസിന് ജോലി നല്‍കുകയും ചെയ്തു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡയറക്ടറേറ്റിനായിരുന്നു പരീക്ഷാ ചുമതല.