കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശം: സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശത്തെ സാധൂകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശത്തെ സാധൂകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വ്യക്തത ആവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് നേരത്തെ മടക്കിയെങ്കിലും സര്‍ക്കാരിന്‍റെ വിശദീകരണം സ്വീകരിച്ചാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ കോടതി പ്രവേശനം റദ്ദാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കഴിഞ്ഞ വര്‍ഷത്തെ 150 സീറ്റുകളിലെ പ്രവേശം മെരിറ്റ് അട്ടിമറിച്ചാണ് നടന്നതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫീസ് റെഗുലേറ്ററി കമ്മറ്റി പ്രവേശം റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് മാനേജ്മെന്‍റ് ഹൈകോടതിയെയും സുപ്രിം കോടതിയെയും സമീപിച്ചെങ്കിലും ജയിംസ് കമ്മറ്റി നടപടിയെ ശരിവെക്കുകയാണ് കോടതി ചെയ്തത്. അതേസമയം ഈ വിദ്യാര്‍ഥികള്‍ കോളജില്‍ പഠനം തുടരുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് പ്രവേശം സാധൂകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മടക്കി.
സുപ്രിം കോടതി വിധിയെ മറികടക്കുന്ന രീതിയിലാകുമോ ഓര്‍ഡിനന്‍സ്, എല്ലാ വിദ്യാര്‍ഥികളുടെയും മെറിറ്റ് ഉറപ്പ് വരുത്താന്‍ കഴിയുമോ എന്നീ ചോദ്യങ്ങളാണ് ഗവര്‍ണര്‍ ഉന്നയിച്ചിരുന്നത്. ഇതോടെ വിശദീകരണത്തോടെ സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചു. അതാണ് ഗവര്‍ണ്ണര്‍ ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്.