നെടുമങ്ങാട് ഏറ്റുമുട്ടല്‍ മുന്‍മന്ത്രിയും സ്പീക്കറും തമ്മില്‍
മുന്‍ മന്ത്രി സി ദിവാകരനും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും തമ്മില്‍ പോരാട്ടം കനക്കുകയാണ്.
മത്സരാര്‍ത്ഥികളെക്കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുന്‍ മന്ത്രി സി ദിവാകരനും ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും തമ്മില്‍ പോരാട്ടം കനക്കുകയാണ്. സ്വന്തം നാട്ടില്‍ എംഎല്‍എ ആയിട്ട് കാബിനറ്റ് പദവി ലഭിച്ച ആദ്യത്തെ നെടുമങ്ങാട്ടുകാരനാണെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലോട് രവിയുടെ അവകാശ വാദം.
എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചൊന്നും പറയാനില്ല. പറയാനുള്ളത് മുഴുവന്‍ വികസന നേട്ടങ്ങളെക്കുറിച്ചാണ്. മുട്ടയും പാലും വിവാദമൊക്കെ ഉണ്ടായെങ്കിലും മന്ത്രി പദവിയില്‍ ഇരുന്ന് ചെയ്ത കാര്യങ്ങള്‍ ഉപകാരപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍.
ബി ജെ പി സ്ഥാനാര്‍ത്ഥി വി വി രാജേഷും ശക്തമായ പ്രചാരണത്തിലാണ്. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്ന ആദ്യഘട്ട പ്രചാരണം കഴിഞ്ഞു. കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും വാഹന പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചും വോട്ട് പെട്ടിയിലാക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം.