വള്ളിക്കാവില്‍ തണ്ണീര്‍ത്തടം നികത്തുന്നു; അമൃതാനന്ദമയി മഠത്തിനു വേണ്ടിയെന്ന് സംശയം
കൊല്ലം വള്ളിക്കാവില്‍ തെരഞ്ഞെടുപ്പ് മറയാക്കി തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നുവെന്ന് പരാതി.
കൊല്ലം വള്ളിക്കാവില്‍ തെരഞ്ഞെടുപ്പ് മറയാക്കി തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നുവെന്ന് പരാതി. അമൃത എഞ്ചിനീയറിങ് കോളജിനോട് ചേര്‍ന്ന തണ്ണീര്‍ത്തടമാണ് നികത്തുന്നത്. അമൃതാനന്ദമയി മഠത്തിനുവേണ്ടിയാണ് നടപടിയെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
എട്ടു മാസം മുമ്പ് മീഡിയവണ്‍ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇവിടെ ജില്ലാ കലക്ടര്‍ ഇടപെടുകയും നികത്തല്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ മറയാക്കിയാണ് നികത്തല്‍ വീണ്ടും ആരംഭിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തണ്ണീര്‍ത്തടം നികത്തല്‍ തകൃതിയായി നടക്കുകയാണ്. മുമ്പ് ഏകദേശം ഒരേക്കറോളം തണ്ണീര്‍ത്തടം നികത്തിയിരുന്നു. ഇപ്പോള്‍ ഇത് വ്യാപകമാക്കിയിരിക്കുകയാണ്. പ്രദേശത്തെ തണ്ണീര്‍ത്തടം പൂര്‍ണമായും നികത്തുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കരുനാഗപ്പള്ളിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെയാണ് തണ്ണീര്‍ത്തടം പട്ടാപ്പകല്‍ നികത്തുന്നത്. അധികൃതര്‍ നടപടിയെടുക്കാനും തയാറാകുന്നില്ല. അമൃതാനന്ദമയിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തണ്ണീര്‍ത്തടം നികത്തിയ ശേഷം ഭൂമി അമൃതാനന്ദമയി മഠത്തിന് കൈമാറാനാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. എന്നാല്‍ പരസ്യമായി പ്രതികരിക്കാന്‍ പ്രദേശവാസികളും ഭയപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരും ഭരണാധികാരികളും ഈ അനധികൃത നികത്തലിന് മൌന സമ്മതം മൂളുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയതായി കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈന മോള്‍ മീഡിയവണിനോട് പറഞ്ഞു.