വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിന് ശേഷമേ കെട്ടിട നിര്‍മ്മാണം ആരംഭിക്കാനാവൂ
വയനാടിന്റെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളെജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തേക്കുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാല് മാസം കൊണ്ട് പൂര്‍ത്തികരിക്കാനാവുമെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. 2012 ല്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളെജിന് സ്ഥലമേറ്റെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് നിര്‍മ്മാണം ഇത്രയും വൈകിയത്.
വയനാട് കല്‍പ്പറ്റ മടക്കിമലയില്‍ അമ്പതേക്കര്‍ സ്ഥലത്താണ് മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കുന്നത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം നീങ്ങിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഹൈവേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള മെഡിക്കല്‍ കോളേജ് റോഡ് ഇരുപത് മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കും. റോഡ് നിര്‍മ്മാണത്തിന് ശേഷം അടുത്ത വര്‍ഷം അവസാനത്തോടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കാനാവും.
മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വയനാട് ജില്ലക്ക് പുറമെ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് കൂടി സഹായകമാവും. മെഡിക്കല്‍ കോളെജിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ വയനാട്ടിലെ മൂന്ന് എം എല്‍ എമാരും ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു.