''വികസനത്തെ കുറിച്ച് സംസാരിച്ച മോദി അധികാരം ലഭിച്ചപ്പോൾ ഹിന്ദുത്വ അജണ്ടയിലേക്ക് നീങ്ങി''
സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് വർഗീയത വ്യാപിപ്പിക്കുകയാണെന്നും വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യൂ ആർ ഇല്യാസ്
മോദി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യത്തെ അട്ടിമറിച്ച് സമഗ്രാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ് ക്യൂ ആർ ഇല്യാസ്. ഇതിനെതിരെ ജനാധിപത്യചേരി ശക്‌തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ സമഗ്രാധിപത്യത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ ദേശീയ പ്രക്ഷോഭത്തിന് കൊച്ചിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് വികസനത്തെ കുറിച്ച് സംസാരിച്ച മോദി അധികാരം ലഭിച്ചപ്പോൾ ഹിന്ദുത്വ അജണ്ടയിലേക്ക് നീങ്ങി. ജനങ്ങളുടെ മൗലിക അവകാശങ്ങളെയെല്ലാം ഇല്ലാതാക്കി അസഹിഷ്ണുത പരത്തുകയാണ്. സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് വർഗീയത വ്യാപിപ്പിക്കുകയാണെന്നും ഡോ. എസ് ക്യൂ ആർ ഇല്യാസ് പറഞ്ഞു.
ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ആരംഭിച്ച പ്രക്ഷോഭ യാത്രയെ കൊച്ചി മറൈൻ ഡ്രൈവിൽ സ്വീകരിച്ചു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി സി ഹംസ, വൈസ്പ്രസിഡന്റ് ഡോ: ബി ടി ലളിതാ നായിക്, ദേശീയ സെക്രട്ടറി മാരായ സുബ്രമണി അറുമുഖം, ഷീമാ മുഹ്‍സിൻ, കെ.അബുജാക്ഷൻ തുടങ്ങി സംസ്ഥാന നേതാക്കളും സംബന്ധിച്ചു. ഏപ്രിൽ 22 ന് അഹമ്മദാബാദിലാണ് പ്രക്ഷോഭ യാത്രയുടെ സമാപനം.