മോര്‍ഫിങ് കേസ്; ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനക്കയക്കും
കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നോ, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും പരിശോധനയിലൂടെ വ്യക്തത വരുത്താന്‍ കഴിയും.
കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്ന് ഫോട്ടോ അടര്‍ത്തി മാറ്റി മോര്‍ഫിങ് നടത്തി അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ സ്റ്റുഡിയോവില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധയ്ക്ക് വിധേയമാക്കും. സി ഡാകിലാണ് ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനയ്ക്ക് അയക്കുക.
മോര്‍ഫിങ് കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യപ്രതി ബിബീഷ് ജോലി ചെയ്തിരുന്ന സദയം സ്റ്റുഡിയോവില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുക. തിരുവനന്തപുരം സിഡാകിലേക്ക് ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്കായി ഉടന്‍ അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹാര്‍ഡ് ഡ്‌സ്‌കില്‍ നിന്ന് മോര്‍ഫിങ് നടത്തിയ അഞ്ച് ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നോ, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും പരിശോധനയിലൂടെ വ്യക്തത വരുത്താന്‍ കഴിയും. ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് താനല്ലെന്നും തന്നോടുള്ള വൈരാഗ്യം തീര്‍ക്കാനായി സ്റ്റുഡിയോ ഉടമകള്‍ തന്നെയാണ് ഇതിന് പിന്നിലെന്നുമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യപ്രതിയായ ബിബീഷ്. ഒളിവില്‍ പോയപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും തന്നെ കുടുക്കിയവരെ തുറന്ന് കാട്ടാനായി തീരുമാനം മാറ്റുകയായിരുന്നുവെന്നും ബിബീഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.