ഇ ചന്ദ്രശേഖരന് മന്ത്രിസ്ഥാനം; ഇത് അര്‍ഹതക്കുള്ള അംഗീകാരം
ജില്ലാ രൂപീകരണ പ്രക്ഷേഭത്തിന്റെ മുന്‍നിരയില്‍ നിന്ന പോരാളി മന്ത്രിയാവുന്നത് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കാസര്‍കോട്.
അര്‍ഹതക്കുള്ള അംഗീകാരമാണ് ഇ ചന്ദ്രശേഖരന് മന്ത്രിസ്ഥാനം. ജില്ലാ രൂപീകരണ പ്രക്ഷേഭത്തിന്റെ മുന്‍നിരയില്‍ നിന്ന പോരാളി മന്ത്രിയാവുന്നത് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കാസര്‍കോട്. ഇടതു മന്ത്രിസഭയില്‍ കാസര്‍കോട് ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കുന്നത് മൂന്ന് പതിറ്റാണ്ടിന് ശേഷം.
കറകളഞ്ഞ കമ്യൂണിസ്റ്റ്, ലാളിത്യവും വിനയവും മുഖമുദ്ര - സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി മന്ത്രിസഭയിലേക്ക് എത്തുന്ന ഇ ചന്ദ്രശേഖരന് ഇതിലപ്പുറം വിശേഷണങ്ങളില്ല. ഇക്കുറി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയതിന് കാരണവും മറ്റൊന്നല്ല.
പി കുഞ്ഞിരാമന്റെയും പി പാര്‍വതി അമ്മയുടെയും മകനായി 1948 ഡിസംബര്‍ 26നാണ് ചന്ദ്രശേഖരന്‍ ജനിച്ചത്. ചെമ്മനാട് പഞ്ചായത്തിലെ ചെങ്കോട്ടയായ പെരുമ്പള ഗ്രാമത്തില്‍. ചെറുപ്പത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി. 1979ല്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായി ഇദ്ദേഹം. പിന്നീട്
പാര്‍ട്ടി പ്രവര്‍ത്തനത്തിലായിരുന്നു മുഴുസമയവും. 1987ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1998ല്‍ സംസ്ഥാന ഏക്സിക്യൂട്ടീവ് അംഗം. നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. കാസര്‍കോട് ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭ സമരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ചന്ദ്രശേഖരന്‍. സാവിത്രിയാണ് ഭാര്യ. ഏക മകള്‍ നീലിചന്ദ്രന്‍ കാര്യവട്ടം ക്യാമ്പസില്‍ എം ഫില്‍ വിദ്യാര്‍ഥിയാണ്.