ചെറുകിട ജല വൈദ്യുതി പദ്ധതി വിജയകരമായി നടപ്പിലാക്കി തദ്ദേശ ഭരണ സ്ഥാപനം
പ്രകൃതി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ഉര്‍ജ്ജോല്‍പാദനവും വികസനവും സാധ്യമാക്കാമെന്ന് തെളിയിക്കുകയാണ് മീന്‍ വല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി.
രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ ഭരണ സ്ഥാപനം ചെറുകിട ജല വൈദ്യുതി പദ്ധതി വിജയകരമായി നടപ്പിലാക്കിയ കഥയാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന് പറയാനുള്ളത്. പ്രകൃതി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ഉര്‍ജ്ജോല്‍പാദനവും വികസനവും സാധ്യമാക്കാമെന്ന് തെളിയിക്കുകയാണ് മീന്‍ വല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി. രണ്ടാം വാര്‍ഷികത്തിനൊരുങ്ങുമ്പോള്‍ പദ്ധതിയില്‍ നിന്നുള്ള വരുമാനം നാലര കോടിയോളം രൂപയിലെത്തി.
മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പായിരുന്നു മീന്‍വല്ലം ചെറുകിട വൈദ്യുത പദ്ധതിയുടെ ആശയം ഉടലെടുത്തത്. കരിമ്പ പഞ്ചായത്തിലാണ് മീന്‍വല്ലം പദ്ധതി പ്രവര്‍ത്തിക്കുന്നത്. 2014 ആഗസ്റ്റ് 29 ന് പദ്ധതി കമ്മീഷന്‍ ചെയ്തപ്പോള്‍ രാജ്യത്ത് ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന ആദ്യ ചെറുകിട വൈദ്യുതി പദ്ധതിയായി അത്. മൂന്ന് മെഗാവട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ വഴി ഒരു ലക്ഷം യൂണിറ്റ് വര്‍ഷം ഉല്‍പ്പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. വൈദ്യുതിവകുപ്പിന്‍റെ നിര്‍ലോഭമായ പിന്തുണ പദ്ധതിക്കുണ്ടായി.
രണ്ടു രൂപ അമ്പത് പൈസക്കായിരുന്നു നേരത്തെ വൈദ്യുതി വകുപ്പ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങിയത്. പിന്നീട് യൂണിറ്റിന് 4 രൂപ. 88 പൈസയായി ഉയര്‍ത്തി. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ പദ്ധതിയില്‍ നിന്നും മൂന്നു കോടി രൂപ വരുമാനമുണ്ടായി. ജൂലായ് മാസത്തിലായിരുന്നു കൂടുതല്‍ ഉല്‍പാദനം. ഇതുവരെ വൈദ്യുതിവകുപ്പിന് 92 ലക്ഷം യൂണിറ്റ് വൈദ്യുതി നല്‍കി കഴിഞ്ഞു. മീന്‍വല്ലത്തെ വൈദ്യുതി കല്ലടിക്കോട്ടെ 110 സബ്സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് വിതരണം.
ഇരുപതു കോടി രൂപയായിരുന്നു പദ്ധതിയുടെ മുതല്‍മുടക്ക്. ഇതില്‍ എട്ടു കോടി രൂപയാണ് നബാര്‍ഡ് സഹായം. നാബാര്‍ഡിന് നല്‍കാനുള്ള പലിശയടക്കം പത്തു കോടിരൂപ 2020 ല്‍ തന്നെ തിരിച്ചടിക്കാനാണ് ലക്ഷ്യം. മുതല്‍ മുടക്കിയ തുക തിരിച്ചു പിടിച്ചതിനു ശേഷം ലഭിക്കുന്ന വരുമാനം മറ്റ് പദ്ധതികള്‍ നടപ്പിലാക്കാന്‍ വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വകുപ്പിന് കൈമാറുന്ന വൈദ്യുതിയുടെ തുക കൃത്യമായി തന്നെ ലഭിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു.