നാദാപുരം കൊലപാതകം: പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ലീഗ്

Update: 2018-05-28 09:31 GMT
Editor : Damodaran
നാദാപുരം കൊലപാതകം: പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ലീഗ്
Advertising

പ്രദേശത്ത് പോലീസിന്‍റെ കര്‍ശന സുരക്ഷ നിലനില്‍ക്കെ ഒരു സിപിഎം പ്രവര്‍ത്തകന്‍റെ ബാര്‍ബര്‍ഷോപ്പ് അജ്ഞാതര്‍ കത്തിച്ചു

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരാഴ്ച തികയുന്പോഴും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല. പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്താന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. പ്രദേശത്ത് പോലീസിന്‍റെ കര്‍ശന സുരക്ഷ നിലനില്‍ക്കെ ഒരു സിപിഎം പ്രവര്‍ത്തകന്‍റെ ബാര്‍ബര്‍ഷോപ്പ് അജ്ഞാതര്‍ കത്തിച്ചു.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത് ഈ മാസം 12 നാണ്.കൊലയാളികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനം രണ്ടാം ദിവസം വടകരയില്‍ നിന്നും പോലീസ് കണ്ടെടുത്തു.വാഹനം വാടകക്കെടുത്ത വളയം സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഇയാള്‍ക്കെതിരെ പോലീസ് ലുക്കൌട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വാഹനം വാടകക്കെടുത്ത വളയം സ്വേദശിയെ കണ്ടെത്താത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ സ്ഥിതിയിലാണ്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാത്തത് അന്വേഷത്തിലെ വീഴ്ചയാണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി.പ്രദേശത്ത് കര്‍ശന സുരക്ഷ ഒരുക്കിയെന്ന് പോലീസ് അവകാശപ്പെടുന്പോള്‍ തന്നെ ഭൂമിവാതുക്കലില്‍ ഇന്ന് പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകന്‍റെ ബാര്‍ബര്‍ഷോപ്പ് അജ്ഞാത സംഘം കത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്തതിനു തൊട്ടുപിറകെയാണ് തീവെപ്പ് നടന്നത്.

നാദാപുരം,തൂണേരി, വാണിമേല്‍,വളയം, ചെക്യാട് പ്രദേശങ്ങളിലായി അഞ്ഞൂറോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News