വരുന്നത് എസ്എഫ്ഐയെ സംരക്ഷിക്കാനോ അതോ ജനാധിപത്യത്തെ സംരക്ഷിക്കാനോ? കോടിയേരിയോട് സല്‍വ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മടപ്പള്ളി കോളജില്‍ എസ്എഫ്ഐ കയ്യേറ്റം ചെയ്ത സല്‍വ അബ്ദുല്‍ഖാദറിന്റെ തുറന്ന കത്ത്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മടപ്പള്ളി കോളജില്‍ എസ്എഫ്ഐയുടെ മര്‍ദ്ദനത്തിനിരയായ സല്‍വ അബ്ദുല്‍ഖാദറിന്റെ തുറന്ന കത്ത്. ഇരകളായ തങ്ങളോട് സംസാരിക്കാൻ കോടിയേരി തയ്യാറാവുമോയെന്ന് ചോദിക്കുന്ന കത്തില്‍ മടപ്പള്ളിയിലേക്ക് വരുന്നത് എസ്എഫ്ഐയെ സംരക്ഷിക്കാനാണോ അതോ ജനാധിപത്യത്തെ സംരക്ഷിക്കാനാണോയെന്നും സല്‍വ ചോദിക്കുന്നു. മടപ്പള്ളിയിലെ എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങളെ നേരിടാൻ സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിൽ കോടിയേരി പങ്കെടുക്കുന്ന പശ്ചാത്തലത്തിലാണ് സൽവയുടെ കത്ത്. ഒരു വിപ്ലവ പാർട്ടിക്ക് എങ്ങനെയാണ് സ്ത്രീവിരുദ്ധരുടെ സംരക്ഷകരാവാൻ കഴിയുന്നതെന്നും സല്‍വ ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചോദിക്കുന്നു.
സല്‍വയുടെ കത്തിന്റെ പൂര്‍ണരൂപം
സഖാവ് കോടിയേരി ബാലകൃഷ്ണന് സ്‌നേഹപൂർവ്വം.
സഖാവെ,
താങ്കൾ മാർച്ച് ഒന്നിന് മടപ്പള്ളി കോളജിൽ വരുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം.
ഏകാധിപത്യ തുരുത്തിൽ നിന്നും ജനാധിപത്യത്തിന്റെ വിശാലതയിലേക്ക് വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന മടപ്പള്ളിയുടെ ജനാധിപത്യ കാമ്പസിലേക്ക് എന്റെയും സഹപ്രവർത്തകരുടെയും ഹൃദ്യമായ സ്വാഗതം.
ഞാൻ മടപ്പള്ളി കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. ഞാനടക്കമുള്ള എട്ട് വിദ്യാർഥികളാണ് വടകരയിലെ ഒഞ്ചിയത്തെ മടപ്പള്ളി കോളജിൽ ഇടത്പക്ഷ വിദ്യാർഥി പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നത് (പോസ്റ്ററിൽ ആരോപിക്കുന്നത്).
സഖാവെ,
താങ്കൾ കേവല വിദ്യാർഥി പ്രശ്‌നവും സമരവുമാക്കി ഒതുക്കാൻ ശ്രമിച്ചിരുന്ന തിരുവനന്തപുരത്തെ ലോ അക്കാദമി സമരത്തിന് ഐക്യദാർഡ്യമർപ്പിക്കാൻ ശ്രമിച്ചതിനാണ് എനിക്കും സഹപ്രവർത്തകർക്കും എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനത്തിനും അധിക്ഷേപങ്ങൾക്കും ഇരയാകേണ്ടി വന്നത്.
പക്ഷേ ഈ ആക്രമികൾക്ക് മനോധൈര്യം നൽകേണ്ടത് രാഷ്ട്രീയ ഉത്തരവാദിത്വമായി മനസ്സിലാക്കുന്നത് കാരണമായിരിക്കുമല്ലോ ഈ പാർട്ടി ഗ്രാമത്തിലെ ചെങ്കോട്ടയിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തെ സംരക്ഷിക്കാൻ താങ്കൾ ഓടിയെത്തുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ ചേർത്തുള്ള കള്ളക്കേസുകളും ഇപ്പോഴും തുടരുന്ന നിരന്തര മർദ്ദനങ്ങളുമൊന്നും എസ്.എഫ്.ഐ പ്രവർത്തകർക്ക് ആത്മവിശ്വാസം തിരിച്ച് നൽകുന്നില്ലെന്നതല്ലേ സർ താങ്കളുടെ ഈ സന്ദർശനം തെളിയിക്കുന്നത്..?
താങ്കൾ വരുന്നത് ഇവിടെ നടന്ന സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചറിയാനായിരിക്കുമെന്ന് കരുതുന്നു.
അതല്ല, ഞാനടക്കമുള്ള പെൺകുട്ടികൾക്കു നേരെ അസഭ്യം പറഞ്ഞവരെയും കയ്യേറ്റം ചെയ്തവരെയും സംരക്ഷിക്കാനാണ് താങ്കളുടെ വരവ് എങ്കിൽ അതിൽ വലിയ സഹതാപമുണ്ട്.
സർ, ഒന്ന് ചോദിക്കട്ടെ..
ഒരു വിപ്ലവ പാർട്ടിക്ക് എങ്ങിനെയാണ് സ്ത്രീവിരുദ്ധരുടെ സംരക്ഷകരാവാൻ കഴിയുന്നത്?
കേരളത്തിലെ ഒരു സിനിമാ നടിക്ക് മർദ്ദനമേറ്റതിൽ താങ്കൾ ഖേദം പ്രകടിപ്പിക്കുകയും അവരെ ഫോണിൽ ബസപ്പെട്ടതായും കണ്ടു. സർ, യൂനിവേഴ്സിറ്റി കോളേജിലെ ഗായത്രി ചേച്ചി ചോദിച്ചതു പോലെ ഞാനും ചോദിക്കട്ടെ.
അവഹേളിക്കപ്പെട്ട ഞങ്ങളുടെ സ്ത്രീത്വത്തിന് താങ്കൾ എന്തു വിലയാണ് നൽകുന്നത് സഖാവേ..
ഞങ്ങൾ സെലിബ്രിറ്റികളായാൽ മാത്രമാണോ താങ്കൾ ഞങ്ങൾക്കു വേണ്ടി സംസാരിക്കുക..?
ഒരു കാര്യം കൂടി ചോദിക്കട്ടെ സർ...
എതായാലും ഇവിടം വരെ വരുന്ന സ്ഥിതിക്ക് എങ്കിലും ഇരകളായ ഞങ്ങളോട് സംസാരിക്കാൻ താങ്കൾ തയ്യാറാവുമോ?
ഇതൊന്നും ഞങ്ങളുടെ മാത്രം പ്രശ്‌നമല്ല സഖാവേ..,
കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തെ പത്രങ്ങൾ മാത്രം പരിശോധിച്ചാൽ,
എത്രയത്ര ദലിത് മുസ്ലീം വിദ്യാർഥികളെയും ഇതര വിദ്യാർഥി സംഘടനാ പ്രവർത്തകരെയുമാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദനത്തിന് ഇരയാക്കിയിട്ടുള്ളതെന്ന് മനസ്സിലാക്കാനാവും.
താങ്കൾ സംരക്ഷിക്കാൻ ഓടിയെത്തുന്ന ഇടത്പക്ഷത്തുള്ള എ ഐ എസ് എഫിന്റെ പ്രവർത്തകരും അക്കൂട്ടത്തിൽ ഉൾപ്പെടും.
സി പി എമ്മിന് അധികാരമുള്ളിടത്ത് ജനാധിപത്യം ബാധകമല്ലെന്ന പാർട്ടിയുടെ നിലപാടാണ് എസ്.എഫ്.ഐയും തുടരുന്നത് എന്ന് ഞങ്ങൾക്കറിയാം.
മുസ്ലീമായതിനാൽ ഐ എസിനോട് ചേർത്ത് ഭീകരവാദിയാക്കിയാണ് എസ്.എഫ്.ഐ നേതാവ് ഞങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത്.
താങ്കളുംഅതു തന്നെയാവർത്തിച്ച് പരിഹാസ്യനാവരുതെന്ന് സ്‌നേഹപൂർവ്വം പറയട്ടെ.
ഏതായാലും ഇവിടെ വരുന്ന സ്ഥിതിക്ക് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും ഒഞ്ചിയും ഏരിയാ കമ്മിറ്റിയും എനിക്കെതിരെ നടത്തിയ മുസ്ലീം വിരുദ്ധവും സത്രീ വിരുദ്ധവുമായ പ്രചാരണങ്ങളോട് താങ്കൾ പ്രതികരിക്കാൻ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ വസ്ത്രത്തിൽ പിടിച്ചു വലിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനു ശേഷം വിഷ ജന്തു എന്നൊക്കെ വിളിച്ച് എന്റെ മേൽ വർഗ്ഗീയത ആരോപിക്കുന്ന ഫാസിസ്റ്റ് ശൈലികൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കുന്നു എന്നവകാശപ്പെടുന്ന താങ്കളുടെ പ്രസ്ഥാനത്തിന് യോജിച്ചതാണോ സർ ..
കാമ്പസിനകത്ത് പ്രസംഗിച്ച കുട്ടി സഖാവ്
വസ്തുതാവിരുന്ധമായ കാര്യങ്ങൾ നിരത്തി വർഗീയ ആരോപണങ്ങളുടെ ഒരു പ്രവാഹം തന്നെ സൃഷ്ടിച്ചിരുന്നു. സംഘ് പരിവാർ ഉപയോഗിക്കുന്നതും ഇതേ ഭാഷയും ശൈലിയും തന്നെയാണല്ലോ എന്നാണ് സർ അത് കേട്ടപ്പോൾ തോന്നിയത്.
പറയാതെ വയ്യ,
സഹതാപമുണ്ട് സഖാവെ, കേരളത്തിൽ വലിയ ശക്തിയുള്ള ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇങ്ങനെ ചെറുതാകുന്നതിൽ.., മാർച്ച് ഒന്നിന് മടപ്പള്ളിയിൽ നടത്തുന്ന പ്രസംഗത്തിലും സി പി എമ്മിന്റെ ജനാധിപത്യ സംരക്ഷണ യജ്ഞത്തെ കുറിച്ച് പറയാൻ താങ്കൾ മറക്കരുതേ....
ഒന്നു കൂടെ ചോദിക്കട്ടെ സർ..
താങ്കൾ മടപ്പള്ളിയിലേക്ക് വരുന്നത് sfi യെ സംരക്ഷിക്കാനാണോ അതോ ജനാധിപത്യത്തെ സംരക്ഷിക്കാനാണോ..? താങ്കൾ പങ്കെടുക്കുന്ന മാർച്ചിന്റെ ആവശ്യകത താങ്കൾ തന്നെ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു സർ..
അവസാനമായി ഒന്നു പറയാം.
താങ്കൾക്കും പാർട്ടിക്കും കായബലം കൊണ്ടും അധികാരം കൊണ്ടും ഞങ്ങളെ ഉപദ്രവിക്കാൻ സാധിച്ചേക്കും..
പക്ഷെ ഒന്നുറപ്പാണ്.
നേരിന്റെ പാതയിൽ നിന്നും ഞങ്ങൾ പിൻമാറില്ല സഖാവെ..
എന്ന്,
വിനയപൂർവ്വം
സൽവ അബ്ദുൽ ഖാദർ