ശബരിമലയിലെ വെടിവഴിപാടിന് താത്ക്കാലിക നിരോധനം
സന്നിധാനത്ത് വെടിവഴിപാട് നടത്തുന്നത് മതിയായ സുരക്ഷാ സംസിധാനങ്ങള്‍ ഇല്ലാതെയാണെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ്....
ശബരിമലയിലെ വെടിവഴിപാടിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ താല്‍കാലിക നിരോധനമേര്‍പെടുത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് പോലീസും ഫയര്‍ ഫോഴ്സും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശബരിമല സന്നിധാനത്ത് വെടിവഴിപാട് നടത്തുന്നത് മതിയായ സുരക്ഷാ സംസിധാനങ്ങള്‍ ഇല്ലാതെയാണെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വെടി വഴിപാടിന് താല്‍കാലിക നിരോധനം ഏര്‍പെടുത്തിയത്. ശബരിമലയിലെ സുരക്ഷയെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നടത്തിയ ആന്വേഷണത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് തീര്‍ന്നിട്ടും ദേവസ്വം ബോര്‍ഡ് ലൈസന്‍സ് പുതുക്കാന്‍ തയ്യാറായിരുന്നില്ല. 420 കിലോ വെടിമരുന്ന് മതിയായ സുരക്ഷയില്ലാതെയാണ് സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തു സൂക്ഷിച്ചിരിക്കുന്നതിന് 50 മീറ്റര്‍ അകലെ അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ മാലിന്യം കത്തിക്കുന്നതായും. സ്ഫോടക വസ്തു സൂക്ഷിച്ചിരിക്കുന്ന കെട്ടിടം സുരക്ഷിതമല്ലെന്നും. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാളികപ്പുറം ക്ഷേത്രത്തിന് താഴെയും ശബരിപീഠത്തിലും പത്ത് കിലോഗ്രാം വീതം വെടിമരുന്ന് അലക്ഷ്യമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും. വെടിവഴിപാട് നടത്തുന്ന ജീവനക്കാര്‍ക്ക് ഇതിനുള്ള ലൈസന്‍സില്ലയെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അതേസമയം തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈക്കോടതി വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് തിരുവന്പാടി ദേവസ്വം പ്രതിനിധികള്‍ പ്രതികരിച്ചു