റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2018-05-28 05:48 GMT
Editor : Ubaid
റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Advertising

വര്‍ഗീയ കലാപം ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യം, ദേവാലയം അശുദ്ധമാക്കുക, കൊലപാതം, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് ചുമത്തിയിട്ടുള്ളത്

Full View

കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മത സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പും പ്രതികള്‍ക്ക് ചുമത്തിയിട്ടുണ്ട്.

മാര്‍ച്ച് 20ന് രാത്രി പതിനൊന്നേമുക്കാലോടെയാണ് ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കാസര്‍കോട് കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ മാര്‍ച്ച് 23ന് പൊലീസ് പിടികൂടി. സംഭവം നടന്ന് 90 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വര്‍ഗീയ കലാപം ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യം, ദേവാലയം അശുദ്ധമാക്കുക, കൊലപാതം, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് ചുമത്തിയിട്ടുള്ളത്. 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News