കാലത്തിനൊപ്പം മാറുന്ന മാറ്റുകളുമായി സോഫെന്‍
വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വേണ്ട മാറ്റുകളില്‍ നടത്തിയ പരീക്ഷണമാണ് സോഫെനെ വലിയ വിജയമായത്.
കാലത്തിനൊപ്പം മാറുന്ന മാറ്റുകളാണ് സോഫൈന്‍ എന്ന പേരിനെ കേരളത്തില്‍ പരിചിതമാക്കിയത്. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വേണ്ട മാറ്റുകളില്‍ നടത്തിയ പരീക്ഷണമാണ് വലിയ വിജയമായത്. റബര്‍-പിവിസി-ഫൈബര്‍ മിശ്രിതങ്ങളിലൂടെയുണ്ടാക്കുന്ന രണ്ട് ഉത്പന്നങ്ങളുടെ പേറ്റന്റും സോഫൈന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ ചേര്‍ത്തല സ്വദേശി കെ ജെ.സ്കറിയ 10 വര്‍ഷം മുമ്പാണ് മാറ്റ് നിര്‍മാണ രംഗത്ത് എത്തുന്നത്. പ്രീഡിഗ്രി പഠനകാലം മുതല്‍ വ്യത്യസ്ത ചെറുകിട സംരംഭങ്ങള്‍ പരീക്ഷിച്ച അനുഭവ പരിചയമായിരുന്നു സ്കറിയയുടെ കൈമുതല്‍. അത് പാഴായുമില്ല. അങ്ങനെയാണ് സോഫൈന്‍ എന്ന പേര് മാറ്റ് വിപണിയില്‍ സുപരിചിതമായത്.
നിരത്തിലിറങ്ങുന്ന ഏതു തരം കാറുകള്‍ക്കും അനുയോജ്യമായ മാറ്റുകള്,. വീടുകള്‍ മുതല്‍ ഓഫീസുകള്‍ വരെ എവിടെയും ഉപയോഗിക്കാവുന്ന ചവിട്ടികള്‍, വിത്ത് പാകുന്നത് മുതല്‍ പൂന്തോട്ടമുണ്ടാക്കാനുള്ളത് വരെയുള്ള വിവിധ തരം ചെടിച്ചട്ടികള്‍ തുടങ്ങി സോഫൈന്‍ ഡെക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരവധി.
മാറ്റുകളുണ്ടാക്കുക എന്നതിലുപരി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് സോഫൈനെ എളുപ്പം വിജയത്തിലെത്തിച്ചത്. ഒപ്പം ഗുണനിലവാരവും.
റബര്‍ ബാക്ഡ് പോളീ പ്രൊപ്പലീന്‍, റബര്‍ ബാക്ഡ് കയര്‍ ടഫ്റ്റഡ് മാറ്റുകള്‍ എന്നിവയുടെ പേറ്റന്റും സ്കറിയ സ്വന്തമാക്കിയിട്ടുണ്ട്.