സിപിഐ വകുപ്പുകളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് വനംമന്ത്രി

Update: 2018-05-28 00:38 GMT
സിപിഐ വകുപ്പുകളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് വനംമന്ത്രി
Advertising

വനം റവന്യൂ വകുപ്പുകള്‍ ഇടുക്കി ജില്ലയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനത്തി‍ന്റെ ക്രെഡിറ്റ് തട്ടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് വനം മന്ത്രി കെ രാജു

വനം റവന്യൂ വകുപ്പുകള്‍ ഇടുക്കി ജില്ലയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനത്തി‍ന്റെ ക്രെഡിറ്റ് തട്ടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് വനം മന്ത്രി കെ രാജു. ഇതിനാണ് പലരും നിരന്തരം സിപിഐക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. സിപിഐ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ വിമര്‍ശം. ജില്ലാ സമ്മേളന റിപ്പോര്‍ട്ടുകള്‍ ചോരുന്നത് ശുഭലക്ഷണമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ പറഞ്ഞു.

Full View

സിപിഐയുടെ വകുപ്പുകളായ വനം, റവന്യൂ എന്നിവ മികച്ച പ്രവര്‍ത്തനമാണ് ജില്ലയിലെ ഭൂമി വിഷയങ്ങളില്‍ നടത്തുന്നത്. ഇതിന്റെ ക്രെഡിറ്റ് തട്ടാന്‍ സിപിഎമ്മും ചിലരും ശ്രമിക്കുന്നുവെന്ന് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി കെ രാജു പറഞ്ഞു. സംസ്ഥാനമൊട്ടാകെ സിപിഎം-സിപിഐ ബന്ധം വഷളാകാന്‍ കാരണം മന്ത്രി എം എം മണിയാണെന്ന് സമ്മേളനത്തിലെ ചര്‍ച്ചയില്‍ സംസാരിച്ച പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മറ്റ് ഏതെങ്കിലും പാര്‍ട്ടിയായിരുന്നുവെങ്കില്‍ നേരത്തെ മണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമായിരുന്നു. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉണ്ടാകുന്ന പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് എം എം മണിയെ കയറൂരി വിട്ടിരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു. സിപിഐ മന്ത്രിമാര്‍ക്കെതിരെയും അംഗങ്ങള്‍ രൂക്ഷമായ വിമര്‍ശം ഉന്നയിച്ചു.

കൃഷിമന്ത്രിക്ക് മികച്ച തുടക്കമായിരുന്നുവെങ്കിലും പിന്നീട് മണ്ഡരി ബാധിച്ച തെങ്ങുപോലായെന്നും, റവന്യൂ മന്ത്രി വാ പോയ കോടാലിയാണെന്നും ഭരണം ഉദ്യോഗസ്ഥരാണ് നടത്തുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഭക്ഷ്യവകുപ്പ് വിവിധ നിറത്തില്‍ കാര്‍ഡുകള്‍ അടിച്ചിറക്കിയിട്ടും പ്രയോജനം ജനത്തിന് ഉണ്ടായില്ലെന്നും വിമര്‍ശം ഉയര്‍ന്നു. ബുധനാഴ്ച ജില്ലാ കമ്മിറ്റിയിലേക്കള്ള തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ സെക്രട്ടറിയായി കെ കെ ശിവരാമന്‍ തന്നെ തുടര്‍ന്നേക്കും.

Tags:    

Similar News