നിലമ്പൂര്‍; ഇന്ത്യന്‍ തേക്ക് ഉത്പന്ന നിര്‍മാണ മേഖലയുടെ നട്ടെല്ല്
നിലമ്പൂരിനെ ആശ്രയിച്ചാണ് ഫര്‍ണിച്ചര്‍ സംരംഭങ്ങളും വ്യവസായങ്ങളും വികസിച്ചത്.
തേക്കുതടി ഉത്പന്നങ്ങള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ഇന്ത്യയിലെ ഏറ്റവും പ്രധാന ആശ്രയ കേന്ദ്രമാണ് നിലമ്പൂര്‍. പ്രതിവര്‍ഷം നാല്‍പത് കോടിയിലധികം രൂപയുടെ തേക്ക് ലേലമാണ് ഇവിടെ നടക്കുന്നത്. ഇന്ത്യന്‍ തേക്ക് ഉത്പന്ന നിര്‍മാണ മേഖലയുടെ നട്ടെല്ലായ നിലമ്പൂരിനെയാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള പരിചയപ്പെടുത്തുന്നത്.
നൂറ്റിയെഴുപത് വര്‍ഷം മുന്‍പ് അന്നത്തെ മലബാര്‍ ജില്ലാ കലക്ടര്‍ എച്ച് വി കനോലിയാണ് ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന് നിലമ്പൂരില്‍ തുടക്കമിടുന്നത്. കേരളത്തിന് അകത്തും പുറത്തും ഏറെ ആവശ്യക്കാരുണ്ട് നിലമ്പര്‍ തേക്കിന്. അതുകൊണ്ട് തന്നെ നിലമ്പൂരിനെ ആശ്രയിച്ചാണ് ഫര്‍ണിച്ചര്‍ സംരംഭങ്ങളും വ്യവസായങ്ങളും വികസിച്ചത്.
നിലമ്പൂരിനും സമീപ പ്രദേശങ്ങളിലും മാത്രം ഒതുങ്ങിയില്ല ഇത്തരം സംരംഭങ്ങള്‍. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് സംരംഭങ്ങളാണ് നിലമ്പൂര്‍ തേക്കിനെ ആശ്രയിച്ച് നിലനില്‍ക്കുന്നത്. വില കൂടുമെങ്കിലും ഗുണനിലവാരമാണ് നിലമ്പൂര്‍ തേക്കിന്റെ പ്രധാന ആകര്‍ഷണം.
1953ല്‍ തേക്ക് ലേലത്തിനും വില്‍പനക്കുമായി അരുവാക്കോട്ട് സെന്‍ട്രല്‍ ഡിപ്പോ തുറന്നു. നെടുങ്കയത്തും നിലമ്പൂരിലുമാണ് മറ്റു പ്രധാന തേക്ക് ലേല-വില്‍പന കേന്ദ്രങ്ങള്‍. ബംഗളൂരു ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം എം എസ് ടി സി വഴിയാണ് തേക്കുതടി ലേലം നടക്കുക. എം എസ് ടി സിയില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുത്ത് ആവശ്യമുള്ള തേക്ക് സ്വന്തമാക്കാം. പ്രതിവര്‍ഷം പതിനായിരം ക്യൂബിക് മീറ്റര്‍ തേക്ക് ഇവിടെ ലേലത്തില്‍ വില്‍ക്കുന്നു. നാല്പത് കോടിയോളം രൂപയാണ് ഇതുവഴി സര്‍ക്കാറിലെത്തുന്നത്.
വിവിധ ഇനം തേക്കുകള്‍ ക്യുബിക് മീറ്ററിന് 40,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലവരും. ഫര്‍ണിച്ചര്‍ മേഖലയിലെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും ഗുണനിലവാരമുള്ള തേക്കുതടി എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് നിലമ്പൂരിലെ വില്‍പന കേന്ദ്രങ്ങള്‍.