സര്‍ക്കാര്‍ ഭൂമിയില്‍ സിഎസ്ഐ ചര്‍ച്ചിന്റെ ക്വാറി; കേസ് സര്‍ക്കാര്‍ ഗൌരവത്തിലെടുക്കണമെന്ന് ഹൈക്കോടതി
ചക്കിട്ടപ്പാറ സിഎസ്ഐ ചര്‍ച്ച് നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ക്വാറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.
കോഴിക്കോട് ചക്കിട്ടപ്പാറയിലെ സിഎസ്ഐ ചര്‍ച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി ക്വാറി നടത്തിയെന്ന കേസ് സര്‍ക്കാര്‍ ഗൌരവത്തിലെടുക്കണമെന്ന് ഹൈക്കോടതി. നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിക്ക് ചര്‍ച്ചിന് പട്ടയം നല്‍കിയ ലാന്‍ഡ് ട്രിബ്യൂണല്‍ നടപടിയെ സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്യണമെന്നും ജസ്റ്റിസ് കമാല്‍പാഷയുടെ ഉത്തരവിലുണ്ട്.
ചക്കിട്ടപ്പാറ സിഎസ്ഐ ചര്‍ച്ച് നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ക്വാറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് വേഗത പോരെന്ന് കാണിച്ച് തിരൂര്‍ സ്വദേശി സോളമന്‍ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ത്വരിത പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ ചര്‍ച്ചിന്‍റെ നടപടികളെ വെള്ളപൂശിയ നടപടിയില്‍ കോഴിക്കോട് വിജിലന്‍സ് കോടതി തന്നെ അതൃപ്തി പ്രകടിപ്പിച്ച കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിക്ക് ചര്‍ച്ചിന് പട്ടയം ലഭിച്ചത് എങ്ങനെയെന്ന കാര്യം വിജിലന്‍സ് ഗൌരവത്തോടെ പരിശോധിക്കണം. ഈ ഭൂമിയില്‍ ക്വാറി നടത്താന്‍ കഴിഞ്ഞത് എങ്ങനെയെന്ന കാര്യം പുറത്തുവരേണ്ടതുണ്ടെന്നും ജസ്റ്റിസ് കമാല്‍പാഷയുടെ ഉത്തരവില്‍ പറയുന്നു.
ഭൂമിയുടെ ഉടമസ്ഥത ബോധ്യപ്പെടുത്തുന്ന ആധികാരിക രേഖകളൊന്നും ചര്‍ച്ചിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ പട്ടയം നല്‍കിയ ലാന്‍ഡ് ട്രിബ്യൂണല്‍ നടപടിയെ സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്യണമെന്ന ഉത്തരവിലുണ്ട്.
ഭൂരഹിതരായി ലക്ഷങ്ങള്‍ അലയുമ്പോള്‍ സര്‍ക്കാര്‍ ഭൂമി അവിഹിതമായി ചിലര്‍ സ്വന്തമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേസ് ഗൌരവത്തോടെയും വേഗത്തിലും വിജിലന്‍സ് അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.