കശുവണ്ടി കോര്‍പ്പറേഷന്റെ മുഴുവന്‍ ഫാക്ടറികളും നാളെ തുറക്കും
ഓണത്തിനു മുന്‍പുള്ള മുഴുവന്‍ ദിവസവും തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കശുവണ്ടി കോര്‍പ്പറേഷനു കീഴിലുള്ള മുഴുവന്‍ ഫാക്ടറികളും നാളെ തുറക്കും. ഓണത്തിനു മുന്‍പുള്ള മുഴുവന്‍ ദിവസവും തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കിയാല്‍ കോര്‍പ്പറേഷനെ ലാഭത്തില്‍ എത്തിക്കാനാകുമെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ എംഡി ടിഎഫ് സേവ്യര്‍ പറഞ്ഞു.
എട്ടു മാസമായി അടഞ്ഞു കിടക്കുന്ന കാഷ്യു വികസന കോര്‍പ്പറേഷനു കീഴിലെ 30 ഫാക്ടറികളാണ് നാളെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. തൂത്തുകുടിയില്‍ നിന്ന് 900 ടണ്‍ കശുവണ്ടി ഇറക്കാന്‍ ടെന്‍ഡര്‍ പൂര്‍ത്തിയാതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ആയത്. ഈ നിലയില്‍ നീങ്ങിയാല്‍ ഓണത്തിനു ശേഷവും ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് എംഡി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ നിന്നായിരിക്കും അടുത്ത തവണ കശുവണ്ടി വാങ്ങുകയെന്നും എംഡി പറഞ്ഞു. നാല് ഇടനിലക്കാര്‍ വഴിയാണ് ബോര്‍ഡിന് കശുവണ്ടി എത്തുന്നത്. ഇത് മാറ്റിയാല്‍ കോര്‍പ്പറേഷന്‍ ലാഭത്തിലാകും. പ്രൊവിഡന്റ് ഫണ്ടിലെ 6 കോടി കുടിശ്ശിക ഉടന്‍ നല്‍കും. ഫാക്ടറികള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും നേരത്തെ തടഞ്ഞുവച്ചിരുന്നു.