അസ്ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
സിപിഎം പ്രവര്‍ത്തകരായ ജിതിന്‍, ഷാജി എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വധിച്ച കേസില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരായ ജിതിന്‍, ഷാജി എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. അതിനിടെ അസ്ലം വധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
ഇരിങ്ങണ്ണൂര്‍ സ്വദേശി ജിതിന്‍, വെള്ളൂര്‍ സ്വദേശി ഷാജി എന്നിവരെ വെള്ളൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസ്ലമിനെ പതിവായി നിരീക്ഷിക്കുകയും കൊലയാളികള്‍ക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്തത് ജിതിനും ഷാജിയുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സിപിഎം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ അസ്ലം വധക്കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.
എന്നാല്‍ കൊലയാളി സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരില്‍ ഒരാളെ പോലും പോലീസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല. പോലീസിനു മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ധമാണ് കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം 12നാണ് മുഹമ്മദ് അസ്ലമിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മുസ്ലിംലീഗ് നേതാവും എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല അസ്ലം വധവുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ പ്രസംഗത്തിനെതിരെ നാദാപുരം പോലീസ് കേസെടുത്തു. ഐപിസി 505 പ്രകാരം ഒരു വിഭാഗത്തെ ഭയപ്പെടുത്തും വിധം പ്രസംഗിച്ചെന്നാണ് കേസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹരജിയില്‍ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.