പുലിത്താളത്തിനൊത്ത് ചുവട് വെച്ച് തൃശൂര്‍
പെണ്‍പുലികളും വിദേശ പുലികളുമായിരുന്നു ഇത്തവണത്തെ പ്രത്യേകത
തൃശൂരിനെ ആവേശത്തിലാഴ്ത്തി പുലിക്കളി. അഞ്ഞൂറിലധികം പുലികള്‍ നഗരം ചുറ്റിയപ്പോള്‍ ജനസാഗരം പുലിത്താളത്തിനൊത്ത് ചുവട് വെച്ചു. പെണ്‍പുലികളും വിദേശ പുലികളുമായിരുന്നു ഇത്തവണത്തെ പ്രത്യേകത.
സന്ധ്യക്ക് മുമ്പേ പുലിമടകള്‍ തകര്‍ത്ത് പുലികള്‍ നഗരത്തിലിറങ്ങി. കാത്ത് നിന്ന ആയിരങ്ങളെ ആവേശം കൊള്ളിച്ച് വയര്‍ കുലുക്കി ചുവട് വെച്ചു,
വരയന്‍ പുലി, പുള്ളിപുലി, കരിമ്പുലി. പിന്നെ കാട്ടില്‍ കാണാത്ത നിറമുള്ള പുലികളും. നഗര വീഥിയില്‍ തിങ്ങി നിറഞ്ഞവരെ പത്ത് സംഘങ്ങളും വിസ്മയിപ്പിച്ചു.
കാഴ്ചക്കാരെ അമ്പരിപ്പിച്ച് പെണ്‍പുലികള്‍ ചരിത്രത്തിലേക്ക് ചുവട് വെച്ചു. വിയ്യൂരില്‍ നിന്ന് മൂന്നും അയ്യന്തോളില്‍ നിന്ന് ഒരു പെണ്‍പുലിയും ചരിത്രത്തിന്റെ ഭാഗമായി.
എഴുപത്തിയാറാം വയസിലും പുലിവേഷം കെട്ടിയ ചാത്തുണ്ണിയാശാന്‍ അഞ്ഞൂറിലധികം പുലികളുടെ ആശാനായി.
പുലികളിയുടെ ആദ്യ രൂപമായ പുലികെട്ട് കളി അവതരിപ്പിച്ച് അയന്തോള്‍ ദേശം കാഴ്ചക്കാരുടെ ആര്‍പ്പ് വിളി അധികം നേടി.
പത്ത് സംഘങ്ങളും നഗരം ചുറ്റി നായ്ക്കനാലിലെത്തി തേങ്ങയുടച്ചതോടെ തൃശൂരിന്റെ ഇക്കൊല്ലത്തെ ഓണത്തിന് പരിസമാപ്തി.