പമ്പ വരള്‍ച്ചയുടെ പിടിയില്‍
ജലവിതാനം ക്രമാതീതമായി താഴ്ന്നതോടെ പമ്പയാറിനെ ആശ്രയിച്ച് നിലകൊള്ളുന്ന കുടിവെള്ള പദ്ധതികള്‍ ജലക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു.
കേരളത്തിലെ മൂന്നാമത്തെ വലിയ നദിയായ പമ്പ വരള്‍ച്ചയുടെ പിടിയില്‍. ജലവിതാനം ക്രമാതീതമായി താഴ്ന്നതോടെ പമ്പയാറിനെ ആശ്രയിച്ച് നിലകൊള്ളുന്ന കുടിവെള്ള പദ്ധതികള്‍ ജലക്ഷാമത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. അളവറ്റ മലിനീകരണവും കയ്യേറ്റങ്ങളും പമ്പാ നദിയുടെ ജീവനെടുക്കുകയാണ്.
പമ്പസരസെന്നു വാഴ്ത്തപ്പെട്ട മലയാളത്തിന്റെ പുണ്യനദിയായ പമ്പയ്ക്ക് മരണവാറന്റ് കിട്ടിയിരിക്കുകയാണ്. ശബരിമല മലനിരകള്‍ തൊട്ട് കുട്ടനാട് വരെ 176 കിലോമീറ്റര്‍ ദൂരമുള്ള പ്രയാണം. 30 ലക്ഷം മനുഷ്യര്‍ക്ക് അത്താണി. കുട്ടനാടെന്ന ധാന്യക്കലവറയുടെ ജീവനാഡി. അധികമെന്ത് വിശേഷണങ്ങള്‍ വേണം പമ്പയാറിന്. പക്ഷേ സിരകളത്രയും മെലിഞ്ഞ മാലിന്യബാക്കിയാണ് ഇപ്പോള്‍ പമ്പാനദി. പമ്പാരക്ഷാ പാക്കേജുകളെല്ലാം ഇപ്പോഴും കടലാസില്‍ തന്നെ ഉറങ്ങുകയാണ്.