പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍
റിജില്‍ മാക്കുറ്റി അടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോണ്‍ഗ്രസിന്റ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കൂറ്റിയടക്കമുള്ള മൂന്ന് നേതാക്കള്‍ക്കെതിരെ അഖിലേന്ത്യ കമ്മറ്റിയാണ് നടപടിയെടുത്തത്. മൂന്ന് പേരെയും കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ അറിയിച്ചു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകരമാണ് നടപടികള്‍.
അറവിനായി ചന്തകള്‍ വഴി കാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ പരസ്യമായി അറുത്തത്. സംഭവം ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. തുടര്‍ന്ന് സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വന്നു. ഇതിന് ശേഷമാണ് സഘടന തലത്തിലുള്ള നടപടിയും. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ സസ്പെന്‍ഡ് ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിനും, കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍റ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി, ജോസി കണ്ടത്തില്‍, ശറഫുദ്ധീന്‍ തുടങ്ങിയവര്‍ക്കെതിരെ സസ്പെന്‍ഡ് ചെയ്തതായി അഖലേന്ത്യ കമ്മറ്റി അറിയിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മൂന്ന് പേരെയും കോണ്‍ഗ്രസ് പ്രാഥമികംഗത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ അറിയിച്ചു. സംഭവത്തില്‍ ഡിസിസിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു.