മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്‍റ്: വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ച് പുതിയ നിബന്ധന
നിലവില്‍ പ്രവേശം നേടിയ സ്ഥാപനങ്ങളുടെ എന്‍ഒസി മതിയെന്ന പഴയ നിബന്ധനയില്‍ നിന്നുളള മാറ്റം മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശം നേടിയവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു
മെഡിക്കല്‍ ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റിനെത്തുന്നവര്‍ ടിസി കൊണ്ടുവരണമെന്ന നിര്‍ദേശത്തിനെതിരെ വിദ്യാര്‍ഥികള്‍. നിലവില്‍ പ്രവേശം നേടിയ സ്ഥാപനങ്ങളുടെ എന്‍ഒസി മതിയെന്ന പഴയ നിബന്ധനയില്‍ നിന്നുളള മാറ്റം മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശം നേടിയവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആഗസ്റ്റ് 31 ഓടുകൂടി പ്രവേശ നടപടികള്‍ അവസാനിപ്പക്കണമെന്ന നിര്‍ദേശമുള്ളതിനാലാണ് നിബന്ധന വെച്ചതെന്നാണ് പ്രവേശ പരീക്ഷ കമ്മീഷണറുടെ വിശദീകരണം.
മൂന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവുള്ള മെഡിക്കല്‍ ഡെന്‍റല്‍ സീറ്റുകളിലേക്കായി സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നത് 30 31 തീയതികളിലാണ്. സ്പോട്ട് അലോട്ട്മെന്‍റിനായി തിരുവനന്തപുത്തെ മെഡിക്കല്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ എത്തുന്നവര്‍ നിലവില്‍ പ്രവേശം നേടിയ സ്ഥാപനത്തില്‍ നിന്നുള്ള ടിസി കൂടി കൊണ്ടുവരണമെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കിയ നിര്‍ദേശം. സ്പോട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന കോളജിലേക്ക് പ്രവേശം ലഭിക്കണമെന്ന് ഉറപ്പില്ല. ഇപ്പോള്‍ മറ്റു മെഡിക്കല്‍ കോളജിലോ എഞ്ചിനീയറിങ് കോളജിലോ പ്രവേശം നേടിയവര്‍ ഹയര്‍ ഓപ്ഷന്‍ ലഭിക്കാനായി സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാറുണ്ട്. പ്രതീക്ഷിക്കുന്ന സ്ഥാപനം കിട്ടിയില്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ തുടരുകയാണ് ചെയ്യുക. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാനായി സ്ഥാപനത്തില്‍ നിന്നുള്ള എന്‍ഒസി മാത്രം മതിയാകുമായിരുന്നു. എന്നാല്‍ ടിസി നിര്‍ബന്ധമാക്കുന്നതോടെ നിലവില്‍ പ്രവേശം നേടിയവരുടെ സാധ്യത അടയുകയാണ്.
സുപ്രിം കോടതി നിര്‍ദേശപ്രകാരം പ്രവേശ നടപടികള്‍ ആഗസ്റ്റ് 31 ന് തന്നെ പൂര്‍ത്തിയാക്കേണ്ടതിനാലാണ് പുതിയ നിര്‍ദേശ വച്ചതെന്നാണ് പ്രവേശ പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം. കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇത് ബാധിക്കുയുള്ളൂ എന്നും അധികൃതര്‍ പറയുന്നു. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശമാണ് പുതിയ നടപടിയിലൂടെ തടയപ്പെടുന്നതാണ് ഉയരുന്ന വിമര്‍ശം. പ്രവേശം ലഭിക്കുന്നവര്‍ക്ക് ടിസി സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്നോട്ട് വെക്കുന്നത്.