വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാര്‍
കേരളത്തില്‍ മറ്റൊരിക്കലുമില്ലാത്ത തരത്തിലുള്ള വാക്സിന്‍ വിരുദ്ധ പ്രചാരണമാണ് ഇക്കുറി അരങ്ങേറുന്നത്.
സോഷ്യല്‍ മീഡിയ വഴി വാക്സിന്‍ വിരുദ്ധ പ്രചാരണം നടക്കുന്നതിനിടെ മീസില്‍സ് റൂബെല്ല വാക്സിന്‍ കാമ്പയിന്‍ സജീവമായി മുന്നേറുന്നു. കേരളത്തില്‍ മറ്റൊരിക്കലുമില്ലാത്ത തരത്തിലുള്ള വാക്സിന്‍ വിരുദ്ധ പ്രചാരണമാണ് ഇക്കുറി അരങ്ങേറുന്നത്.
രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കാവൂവെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ചിലര്‍ തങ്ങളുടെ കുട്ടികളെ വാക്സിനേഷന്‍ നല്‍കാന്‍ കൂട്ടാക്കുന്നില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വാക്സിന്‍ വിരുദ്ധ പ്രചാരണം അതിശക്തമാണ്. അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് പോലും വാക്സിന്‍ നല്‍കിയതു കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെ ചെറുക്കാന്‍ വാക്സിനേഷന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുവാനായി സ്കൂളിലേക്കെത്തുന്നുണ്ട്.
നേരത്തെ പള്‍സ് പോളിയോക്കെതിരെ പ്രചരിപ്പിച്ചിരുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ റൂബെല്ല വാക്സിനെതിരെയും പ്രചരിപ്പിക്കുന്നത്. ജനസംഖ്യ കുറക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് വരെയാണ് ആരോപണങ്ങള്‍. സോഷ്യല്‍ മീഡിയയിലെ ഈ പ്രചാരണം ചെറുക്കാന്‍ ഡോക്ടര്‍മാര്‍ ഇന്‍ഫോ ക്ലിനിക് എന്ന പേജിലൂടെ വാക്സിന്‍ അനുകൂല പ്രചാരണം നടത്തുന്നുണ്ട്.