നടിയെ അക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ദിലീപിന് കൈമാറി
നടിയെ അക്രമിച്ച കേസിലെ കുറ്റപത്രത്തോടൊപ്പമുള്ള 760 രേഖകൾ ഉൾപ്പെടെയുള്ള പട്ടികയാണ് അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ദിലീപിന് കൈമാറി. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഉപയോഗിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക തയാറാക്കി സത്യവാങ്മൂലവും പൊലീസ് കോടതിയിൽ സമര്‍പ്പിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ കോടതി ഈ മാസം 5ന് വിധി പറയും.
നടിയെ അക്രമിച്ച കേസിലെ കുറ്റപത്രത്തോടൊപ്പമുള്ള 760 രേഖകൾ ഉൾപ്പെടെയുള്ള പട്ടികയാണ് അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ പരിശോധന ഫലങ്ങൾ, മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, മെമ്മറി കാർഡ്, പെൻ ഡ്രൈവ് തുടങ്ങിയവ ഉൾപ്പെടുന്ന രേഖകളും തെളിവുകളുമെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. സുപ്രധാനമായുള്ള ചില രേഖകൾ ഒഴികെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പ്രതികൾക്ക് കൈമാറി. പ്രതികൾക്ക് ഇത് പരിശോധിക്കാന്‍ കോടതി ഏഴാം തീയതി വരെ സമയം അനുവദിച്ചു.
ഫോണ്‍ രേഖകൾ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ആവശ്യപ്പെട്ടും അന്വേഷണസംഘം വ്യാജരേഖ ചമച്ചതായി ആരോപണം ഉന്നയിച്ചും രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം ഏഴിലേക്ക് മാറ്റി. എല്ലാ പ്രതികളോടും ഈ മാസം 7ന് ഹാജരാകാൻ അങ്കമാലി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നടിയെ ആക്രമിക്കപ്പെട്ട ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ ഈ മാസം 5ന് കോടതി വിധി പറയും.