തൊട്ടതെല്ലാം പൊന്നാക്കി 'ദിനേശ്'
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ മാതൃകകളിലൊന്നായിരുന്നു കണ്ണൂര്‍ ആസ്ഥാനമായ കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ മാതൃകകളിലൊന്നായിരുന്നു കണ്ണൂര്‍ ആസ്ഥാനമായ കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ബീഡി വ്യവസായം പ്രതിസന്ധികളെ നേരിട്ടപ്പോള്‍ തളരാതിരുന്ന ദിനേശ് വൈവിധ്യ വത്ക്കരണത്തിലേക്ക് തിരിഞ്ഞു. ഇന്ന് ഭക്ഷ്യ സംസ്ക്കരണ, ഐടി, വസ്ത്ര നിര്‍മോണ മേഖലകളിലടക്കം തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ദിനേശ്.
എകെജിയും ടിവി തോമസും സി കണ്ണനുമടക്കമുളള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ശ്രമഫലമായാണ് 1969ല്‍ കണ്ണൂര്‍ ആസ്ഥാനമായി കേരള ദിനേശ് ബീഡി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്നത്. നാല് ദശകത്തിലധികം ബീഡി എന്ന ഒരൊറ്റ ഉത്പന്നം കൊണ്ട് മാത്രമായിരുന്നു ദിനേശിന്റെ ജൈത്രയാത്ര. തൊണ്ണൂറുകളില്‍ രാജ്യത്തെമ്പാടും വളര്‍ന്നു വന്ന പുകയില വിരുദ്ധ പ്രചാരണങ്ങളും സര്‍ക്കാര്‍ നടപടികളും ആരോഗ്യബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ബീഡി വ്യവസായത്തെ കാര്യമായി തന്നെ ബാധിച്ചു. ഉത്പാദനവും വിപണനവും കുറഞ്ഞതോടെ ദിനേശ് നിലനില്‍പ്പിനായി വൈവിധ്യ വത്ക്കരണത്തിന്റെ പാത തേടി. 98ല്‍ ഭക്ഷ്യ സംസ്ക്കരണത്തിലൂടെയാണ് ദിനേശ് വൈവിധ്യ വത്ക്കരണത്തിന് തുടക്കമിടുന്നത്. കറി ഡറുകള്‍, മസാലകള്‍, തേങ്ങാപ്പാല്‍, അച്ചാറുകള്‍ എന്നിങ്ങനെ ഇന്ന് നിരവധി ഉത്പന്നങ്ങളാണ് ദിനേശ് ഫുഡ്സ് പുറത്തിറക്കുന്നത്. സോപ്പ്, എണ്ണ, ഷാംപു എന്നിവക്ക് പകരമായി ഉപയോഗിക്കാവുന്ന കോക്കനട്ട് മില്‍ക്കാണ് ദിനേശ് ഫുഡ്സിന്റെ ഏറ്റവും പുതിയ ഉത്പ്പന്നം.
99ലാണ് ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിസ്റ്റം എന്ന സ്ഥാപനം ആരംഭിച്ച് ദിനേശ് ഐടി രംഗത്തേക്ക് ചുവടുവെച്ചത്. 2002 ല്‍ കുട നിര്‍മാണം ആരംഭിച്ച ദിനേശ് ഇന്ന് വിത്യസ്തങ്ങളായ 30 ഓളം കുടകള്‍ വിപണിയിലിറക്കുന്നുണ്ട്. 2007ല്‍ ദിനേശ് അപ്പാരല്‍സ് പ്രവര്‍ത്തനം തുടങ്ങി. യൂറോപ്പ്, ദുബൈ, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ഇന്ന് ദിനേശിന്റെ വസ്ത്രങ്ങള്‍ കയറ്റി അയക്കപ്പെടുന്നു. ഇതിനെല്ലാം പുറമെ കണ്ണൂരില്‍ വലിയൊരു ഓഡിറ്റോറിയവും സൂപ്പര്‍ മാര്‍ക്കറ്റും ദിനേശിന് സ്വന്തമായുണ്ട്. ഒരു സഹകരണ സ്ഥാപനത്തിന്റെ അതിജീവനത്തിന്റെ അടയാളമായിട്ടാവും നാളെ ദിനേശ് ചരിത്രത്തിന്റെ്താളുകളില്‍ ഇടം നേടുക.