ബോണക്കാട് കുരിശ് സ്ഥാപിച്ച് കയ്യേറ്റം, നെയ്യാറ്റിന്‍കര അതിരൂപതയുടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന നെയ്യാറ്റിന്‍കര അതിരൂപതയുടെ മൂന്ന് ഭാരവാഹികളെ പ്രതികളാക്കിയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്
ബോണക്കാട് വനഭൂമിയില്‍ അനധികൃതമായി കുരിശുകള്‍ സ്ഥാപിച്ചതിന് മൂന്ന് പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. വനഭൂമിയില്‍ അതിക്രമിച്ച് കയറി നിര്‍മാണം നടത്തിയതിനാണ് കേസ്. 15 ദിവസത്തിനകം കുരിശുകള്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സഭാനേതൃത്വത്തിന് വനംവകുപ്പ് കത്തും നല്‍കി. വനഭൂമിയിലെ കൈയ്യേറ്റം സംബന്ധിച്ച മീഡിയാവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന നെയ്യാറ്റിന്‍കര അതിരൂപതയുടെ മൂന്ന് ഭാരവാഹികളെ പ്രതികളാക്കിയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. യുനെസ്‌കോയുടെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട അഗസ്ത്യാര്‍കൂടം മലനിരയില്‍പ്പെട്ട വനമേഖലയില്‍ 16 കുരിശുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 15 ദിവസത്തിനകം ഇവ പൊളിച്ചുമാറ്റണമെന്ന് വനം വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം വനംവകുപ്പ് നടപടി സ്വീകരിക്കും. കുരിശുകള് നാട്ടിയിരിക്കുന്ന പ്രദേശത്തേക്കുളള പ്രവേശന കവാടം വനം വകുപ്പ് കെട്ടിയടക്കുകയും ചെയ്തു.
വനഭൂമിയില്‍ കുരിശുകള്‍ നാട്ടി കൈയ്യേറ്റത്തിന് ശ്രമം നടക്കുന്നതായി കഴിഞ്ഞദിവസം മീഡിയവണ് റിപ്പോര്ട്ട് ചെയ്തിരുന്നു. പ്രസ്തുത വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ നടപടി.