സര്‍ക്കാര്‍ ചടങ്ങില്‍ മതപരമായ കീര്‍ത്തനം ചൊല്ലിയവരെ ശാസിച്ച് മന്ത്രി കെ.കെ ശൈലജ
ആരോട് ചോദിച്ചാണ് കീര്‍ത്തനം ഉള്‍പ്പെടുത്തിയതെന്നാരാഞ്ഞ് മന്ത്രി അതൃപ്തി രേഖപ്പെടുത്തി.
സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ ഉപനിഷത്ത് സൂക്തം ആലപിച്ചത് വിവാദമായി. മതകീര്‍ത്തനം ചൊല്ലിയതില്‍ മന്ത്രി കെ കെ ശൈലജ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചു. കീര്‍ത്തനം ഉള്‍പ്പെടുത്തിയത് ആരോട് ചോദിച്ചാണെന്ന് ആരാഞ്ഞ മന്ത്രി ഇത്തരം ചടങ്ങുകളില്‍ മതപരമല്ലാത്ത രീതികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സര്‍ക്കാറിന്റെ യോഗ ദിനാചരണ പരിപാടിയാണ് വിവാദമായത്. യോഗ മതേതരമാകേണ്ടതിന്റെ പ്രാധാന്യം പറഞ്ഞാണ് മന്ത്രി കെ കെ ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രസംഗത്തിന് ശേഷം മന്ത്രിയും യോഗ ചെയ്യാനായി സദസ്സിലെത്തി. എന്നാല്‍ ബൃഹദാരണ്യകോപനിഷത്തിലെ കീര്‍ത്തനങ്ങള്‍ ചൊല്ലിയാണ് യോഗ തുടങ്ങിയത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി അത് ഏറ്റു ചൊല്ലിയില്ല.
സദസ്സില്‍ നിന്ന് എഴുന്നേറ്റ ശേഷം മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിക്കുയും ചെയ്തു. എല്ലാ മതസ്ഥരും പങ്കെടുക്കുന്ന പരിപാടിയില്‍ ആരോട് ചോദിച്ചാണ് മതേതരമല്ലാത്ത കീര്‍ത്തനം ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി ആരാഞ്ഞു. കീര്‍ത്തനം യോഗ പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മന്ത്രി പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിയുടെ നടപടി യോഗയെ ആചാരമായി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും സൃഷ്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പറഞ്ഞു.