പമ്പയില്‍ പാര്‍ക്കിംഗിനുള്ള സ്ഥലം വനംവകുപ്പ് കെട്ടിയടച്ച നടപടിക്ക് പരിഹാരമായില്ല
പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാത്തതിനാല്‍ എരുമേലി-പമ്പ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ നിലവില്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്
പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ് പാര്‍ക്ക് ചെയ്യുന്നതിനായി അനുവദിച്ച സ്ഥലം വനംവകുപ്പ് കെട്ടിയടച്ച നടപടിക്ക് പരിഹാരമായില്ല. പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാത്തതിനാല്‍ എരുമേലി-പമ്പ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ നിലവില്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ തിരക്കേറുമ്പോള്‍ പ്രശ്നം രൂക്ഷമാകാനാണ് സാധ്യത.
പമ്പയില്‍ കെ എസ് ആര്‍ ടി സി ഡിപ്പോ നടത്തുന്നതിനായി 23 വര്‍ഷം മുന്‍പാണ് 3 ഏക്കര്‍ 30 സെന്റ് സ്ഥലം വനംവകുപ്പ് വിട്ടുനില്‍കിയത്. എന്നാല്‍ ഈ മണ്ഡലകാല സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് ഇതില്‍ 30 സെന്റ് സ്ഥലം വനംവകുപ്പ് തിരിച്ചുപിടിക്കുകയായിരുന്നു. രേഖകളില്‍ പെടാത്ത ഭൂമിയാണിതെന്നായിരുന്നു ന്യായീകരണം. പിടിച്ചെടുത്ത ഭൂമിയില്‍ കിടങ്ങുകള്‍ തീര്‍ക്കുകയും മരം നടുകയും ചെയ്തു. പ്രശ്ന പരിഹാരത്തിനായി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടന്നെങ്കിലും വിഫലമാവുകയായിരുന്നു
സ്ഥല പരിമിതിയെ തുടര്‍ന്ന് പന്പ- നിലക്കല്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ പമ്പ- ചാലക്കയം റോഡിന്റെ ഓരത്താണ് പാര്‍ക്ക് ചെയ്യുന്നത്. 150 ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യം മാത്രമാണ് നിലവില്‍ പമ്പ ഡിപ്പോയില്‍ ഉള്ളത്. വരും ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകളും ധാരാളമായി എത്തിതുടങ്ങുമ്പോള്‍ പ്രശ്നം ഗുരുതരമാകും.