കടന്നുപോയത് വടക്കന്‍ കേരളത്തിലെ തീരദേശങ്ങളെ ആശങ്കയിലാഴ്ത്തിയ രാത്രി

Update: 2018-05-31 18:29 GMT
Editor : Sithara
കടന്നുപോയത് വടക്കന്‍ കേരളത്തിലെ തീരദേശങ്ങളെ ആശങ്കയിലാഴ്ത്തിയ രാത്രി
Advertising

പൊന്നാനി മുതല്‍ കാസര്‍കോട് ജില്ല വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായി.

വടക്കന്‍ കേരളത്തില്‍ രാത്രിയില്‍ വലിയ തോതിലുള്ള കടലാക്രമണമാണ് ഉണ്ടായത്. പൊന്നാനി മുതല്‍ കാസര്‍കോട് ജില്ല വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തീരത്ത് നിന്നും മാറ്റി.

Full View

രാത്രി 8 മണിക്ക് ചെറിയ തോതില്‍ ആരംഭിച്ച കടലാക്രമണം 10 മണിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. പൊന്നാനി ലൈറ്റ് ഹൌസിന്‍റെ ഭിത്തി തകര്‍ന്നു. മലപ്പുറം ജില്ലയിലെ വെളിയംകോടും കടലാക്രമണം ഉണ്ടായി. കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. കോഴിക്കോട് ബീച്ചില്‍ നിന്നും വിനോദസഞ്ചാരികളെ പൊലീസ് മാറ്റി.

കപ്പക്കലിലെ വീടുകളിലേക്ക് വെള്ളം കയറി. കാപ്പാട്, തൂവപ്പാറ, പൊയില്‍ക്കാവ്, വടകര എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വെള്ളയില്‍ ഹാര്‍ബറിലേക്കും കടല്‍ കയറി. സമീപത്തെ പുഴകളിലേക്ക് കടല്‍ കയറിയത് പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായി. കണ്ണൂര്‍ ജില്ലയിലെ തയ്യില്‍, കണ്ണൂര്‍ സിറ്റി, മൈതാനപ്പള്ളി എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ തീരപ്രദേശങ്ങളിലും വലിയ രീതിയിലുള്ള കടലാക്രമണം നടന്നു. തിരമാലകള്‍ ശക്തിപ്രാപിച്ചതോടെ തീരദേശവാസികള്‍ വലിയ ആശങ്കയിലാണ്. പാതിരാത്രിയിലും വീടുകളില്‍ കയറാനാകാതെ ഭയന്നാണ് തീരദേശ വാസികള്‍ കഴിയുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News