മഞ്ജുവിനും ആതിരയ്ക്കും ശിവനന്ദിനിക്കും സ്‌കൂളില്‍ പോകണം
കുട്ടികളെ സ്‌കൂളിലെത്തിയ്ക്കാന്‍ ഇതുവരെയും പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ല.
ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതികള്‍ ഏറെ ആവിഷ്‌കരിയ്ക്കപ്പെടുന്ന കേരളത്തില്‍, സ്‌കൂളില്‍ പോകാന്‍ ആഗ്രഹിച്ച് കഴിയുന്ന മൂന്ന് കുട്ടികളെ കാണാം. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വനാന്തര്‍ഭാഗത്തുള്ള കൊമ്മഞ്ചേരി കാട്ടുനായ്ക കോളനിയിലെ മൂന്നു പേര്‍. കുട്ടികളെ സ്‌കൂളിലെത്തിയ്ക്കാന്‍ ഇതുവരെയും പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ല.
ഇത് മഞ്ജുവും ആതിരയും ശിവനന്ദിനിയും. മഞ്ജുവും ആതിരയും കല്ലൂര്‍ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും നാലാം ക്‌ളാസ് വിജയിച്ചു. അഞ്ചാം ക്‌ളാസിലേയ്ക്ക് കൊണ്ടുപോകാന്‍ ഇനിയും ആരും എത്തിയിട്ടില്ല. ഇനി ശിവനന്ദിനിയുടെ കാര്യം. പൂമ്പാറ്റകളെ പോലെ പാറിപ്പറന്ന് മറ്റുകുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുമ്പോാള്‍, പുത്തനുടുപ്പും പുസ്തകങ്ങളുമായി അക്ഷരമുറ്റത്തെത്താന്‍ അവള്‍ക്കും ആഗ്രഹമുണ്ട്. സ്‌കൂളില്‍ ചേര്‍ത്താന്‍ രക്ഷിതാക്കളും തയ്യാറാണ്. എന്നാല്‍, ഇതെല്ലാം ചെയ്യേണ്ട ആദിവാസി വകുപ്പ് ഇതുവരെ കൊമ്മഞ്ചേരി കോളനിയിലേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ആദിവാസി വിഭാഗത്തിലെ കുട്ടികളെ വാഹനങ്ങളില്‍ സ്‌കൂളിലെത്തിയ്ക്കാന്‍ ഗോത്ര സാരഥി അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുമ്പോഴാണ്, റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നു പഠിച്ച കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ പോലും വകുപ്പ് തയ്യാറാകാത്തത്. പണം ഇല്ലാത്തതിനാല്‍ കുട്ടികളെ സ്‌കൂളിലെത്തിയ്ക്കാന്‍ രക്ഷിതാക്കള്‍ക്കും സാധിയ്ക്കുന്നില്ല. കുട്ടികള്‍ പഠിച്ചു വളരണമെന്ന ആഗ്രഹം ഇവര്‍ ആവര്‍ത്തിച്ചു പറയുമ്പോാഴും നടപ്പാക്കി കൊടുക്കേണ്ട ഉദ്യോഗസ്ഥര്‍, ഇവരെ സഹായിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ല.