മുന്നണി പ്രവേശം: കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് മാണി കടുപ്പിച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്
മുന്നണി പ്രവേശത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കുന്നു. യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് മാണി കടുപ്പിച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. പി ജെ ജോസഫ് യുഡിഎഫ് സമരപന്തലില്‍ എത്തിയതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. ഡിസംബറില്‍ ഇടത് മുന്നണിയുടെ ഭാഗമാകാന്‍ മാണി തീരുമാനിച്ചാല്‍ അത് വീണ്ടുമൊരു പിളര്‍പ്പിലേക്ക് കേരള കോണ്‍ഗ്രസിനെ നയിച്ചേക്കും.
കഴിഞ്ഞ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വരെ ചരല്‍കുന്ന് തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കെ എം മാണി പറഞ്ഞിരുന്നത്. എന്നാല്‍ വേങ്ങരയില്‍ മുസ്‍ലിം ലീഗിന് പിന്തുണ നല്‍കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഭിന്നത വീണ്ടും തലപ്പൊക്കിയത്. യുഡിഎഫിന്‍റെ സമരപന്തലില്‍ എത്തി പി ജെ ജോസഫ് നിലപാട് വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസിനുള്ളിലെ മുന്നണി പ്രവേശ ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.
നേരത്തെ ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പിന്തുണ തേടിയപ്പോഴും പി ജെ ജോസഫ് വിഭാഗം ഇടഞ്ഞിരുന്നു. തുടര്‍ന്ന് പ്രാദേശിക കൂട്ടുകെട്ടാണെന്ന് പറഞ്ഞാണ് ഇവരെ മാണി അനുനയിപ്പിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യം പിളര്‍പ്പിലേക്ക് എത്തിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. പി ജെ ജോസഫ്, സി എഫ് തോമസ്
തുടങ്ങിയവര്‍ എല്‍ഡിഎഫിനൊപ്പം ചേരാനുളള നീക്കത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ റോഷി അഗസ്തി, ജയരാജ്, ജോസ് കെ മാണി എന്നിവര്‍ മറിച്ച് നിലപാടുകളുളളവരാണ്. ഡിസംബറില്‍ മുന്നണി പ്രവേശന പ്രഖ്യാപനം നടക്കുന്നതിന് മുന്‍പ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായേക്കുമെന്നാണ് സൂചന.