വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘം പിടിയില്‍
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 45 പേരാണ് പൊലീസ് പിടിയിലായത്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തെ മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 45 പേരാണ് പൊലീസ് പിടിയിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പൊലീസ് വലയിലായത്.
വഴക്കാട്, എടവണ്ണപ്പാറ മേഖലകളിലെ സ്കൂളുകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് മാഫിയയെ ഏറെ നാള്‍ രഹസ്യമായി നിരീക്ഷിച്ചശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് വിളളയില്‍ സ്വദേശി അബ്ദുസലാം ആണ് സംഘത്തലവനെന്ന് കണ്ടെത്തിയത്. ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് വന്ന കോളുകള്‍ പരിശോധിച്ചാണ് 45 പേരെ പിടികൂടിയത്.
പൊലീസ് പിടിയിലായവരില്‍ 24 പേര്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളാണ്. പിടികൂടിയവരെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. കേസ് എടുക്കാതിരിക്കാന്‍ പൊലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടയതറിഞ്ഞ് നിരവധി പേരാണ് വാഴക്കാട് പൊലീസ് സ്റ്റേഷനു മുന്‍പില്‍ തടിച്ചുകൂടിയത്.