വ്യക്തിപ്രഭാവ പ്രചാരണത്തിലേക്ക് ജയരാജൻ വഴുതിപ്പോയി; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശം

Update: 2018-06-02 03:14 GMT
വ്യക്തിപ്രഭാവ പ്രചാരണത്തിലേക്ക് ജയരാജൻ വഴുതിപ്പോയി; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശം
Advertising

ജയരാജനെ പാർട്ടിക്ക് മുകളിൽ സ്ഥാപിക്കുന്ന പ്രചാരണത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് കാഴ്ച്ചക്കാരായി നിന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പി ജയരാജനെതിരെ കടുത്ത വിമർശം. ഗുരുതരമായ വ്യക്തിപ്രഭാവ പ്രചാരണത്തിലേക്ക് ജയരാജൻ വഴുതിപ്പോയെന്ന് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജയരാജനെ പാർട്ടിക്ക് മുകളിൽ സ്ഥാപിക്കുന്ന പ്രചാരണത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് കാഴ്ച്ചക്കാരായി നിന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Full View

വ്യക്തിപൂജ വിവാദത്തിൽ സംസ്ഥാന കമ്മിറ്റി രേഖ അംഗീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സമ്മേളനത്തിലും പാർട്ടി നേതൃത്വം പി ജയരാജനെതിരെ കടുത്ത വിമർശമുയർത്തിയത്. ജയരാജൻ നടത്തിയ വ്യക്തിപ്രഭാവ പ്രചാരണം അക്കമിട്ട് നിരത്തിയാണ് കുറ്റപ്പെടുത്തൽ. പ്രവർത്തന റിപ്പോർട്ടിലെ പി ജയരാജനെതിരായ പരാമർശങ്ങൾ ഇങ്ങനെ-

പാർട്ടിയുടെ നിലവിലുള്ള സംഘടനാ രീതിയിൽ നിന്ന് വ്യത്യസ്തമായി ചില പ്രചാരണ പരിപാടികൾ പി ജയരാജനുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഉയർന്ന് വരികയുണ്ടായി. നവമാധ്യമങ്ങളിലും ഇത്തരം പ്രചാരണം വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. ജയരാജനെ പാർട്ടിക്ക് മുകളിൽ സ്ഥാപിക്കുന്ന കാര്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി തയ്യാറാക്കി പ്രാസംഗികർക്ക് നൽകിയിട്ടുള്ള കുറിപ്പിനകത്ത് സാധാരണ പാർട്ടി നേതാക്കളെ കുറിച്ച് ഉപയോഗിക്കാത്ത ചില പ്രയോഗങ്ങൾ നടത്തി ജയരാജനെ അവതരിപ്പിക്കുന്ന സ്ഥിതി വന്നു. ഇത്തരം പ്രചാരണങ്ങൾ തിരുത്തുന്നതിന് പി ജയരാജൻ മുൻകൈ എടുത്തില്ല. പകരം ഗുരുതരമായ വ്യക്തിപ്രഭാവ നിലപാടിലേക്ക് ജയരാജൻ വഴുതിപ്പോവുകയാണ് ഉണ്ടായത്. ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കാതെ കാഴ്ചക്കാരായി നിന്ന ജില്ലാ സെക്രട്ടേറിയേറ്റിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായി. ഇത് പാർട്ടി സംസ്ഥാന കമ്മിറ്റി ചർച്ച നടത്തുകയും ഒരു രേഖ അംഗീകരിക്കുകയും ചെയ്തുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

ചർച്ചയുടെ ഘട്ടത്തിൽ ജയരാജൻ തനിക്ക് പറ്റിയ തെറ്റ് സ്വയം വിമർശമായി ഉൾക്കൊള്ളുന്ന സ്ഥിതി ഉണ്ടായെന്ന് പറഞ്ഞാണ് പ്രവർത്തന റിപ്പോർട്ടിലെ വ്യക്തിപൂജാ വിവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അവസാനിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ ഏറ്റവും ശക്തമായ ജില്ലാ ഘടകത്തിന്റെ അമരക്കാരനെതിരെയാണ് പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷ വിമർശമുള്ളത്. ജയരാജൻ തെറ്റ് തിരുത്തിയെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും രണ്ട് ദിവസം നടക്കുന്ന പൊതുചർച്ചയിൽ കൂടുതൽ വിമർശമുയരാനാണ് സാധ്യത.

Tags:    

Similar News