കോഴിക്കോട് കോവൂരിൽ യുവസംരംഭകരെ ആട്ടിയോടിച്ചത് പ്രതിഷേധാർഹം: സോളിഡാരിറ്റി
തങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനുള്ള ഉപകരണം മാത്രമായി ഡിവൈഎഫ്ഐ അധഃപതിക്കുന്നത് അത്യന്തം സങ്കടകരമാണെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദ് പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് കോവൂരിൽ നിയമാനുസൃതം കച്ചവടം നടത്തിവരുന്ന യുവാക്കളുടെ സ്ഥാപനങ്ങൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തല്ലിതകർത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദ്. പ്രദേശത്ത് രാത്രികാലങ്ങളിൽ ലഹരി കച്ചവടം നടക്കുന്നുണ്ടെങ്കിൽ അത് ഇടതുസർക്കാരിന്റെ കീഴിലുള്ള പോലീസിന്റെയും അവരുടെ തന്നെ നിയന്ത്രണത്തിലുള്ള കോർപറേഷൻ ഭരണസമിതിയുടെയും പരാജയമാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനുള്ള ഉപകരണം മാത്രമായി ഒരു യുവജനപ്രസ്ഥാനം അധഃപതിക്കുന്നത് അത്യന്തം സങ്കടകരമാണ്.
ഒരു ഭാഗത്ത് സംരംഭകത്വ സൗഹൃദസർക്കാരാണെന്ന് അവകാശപ്പെടുകയും മറുഭാഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന യുവസംരംഭകരെ ആട്ടിയോടിക്കുകയും ചെയ്യുന്ന ഇടതുപക്ഷ നിലപാട് ഒരുനിലക്കും അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും അഫീഫ് ഹമീദ് പറഞ്ഞു.