റേഡിയോ ജോക്കിയുടെ കൊലപാതകം: രണ്ട് പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്
കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന നാലംഗ സംഘത്തിലെ രണ്ട് പേര്‍ക്കെതിരെയാണ് നോട്ടീസ്.
റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി.
രാജേഷിന്‍റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍സംഘം സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ പോയതോടെയാണ് പ്രത്യേകസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന നാലംഗ സംഘത്തിലെ രണ്ട് പേര്‍ക്കെതിരെയാണ് നോട്ടീസ്. രണ്ട് പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇവര്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍
പ്രതികളാണെന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ വിമാനത്താവളം വഴി രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജേഷിനെ പരിചയമുള്ള വിദേശത്തെ സ്‌ത്രീയുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ക്വട്ടേഷന്‍ ഗള്‍ഫില്‍ നിന്നാണോയെന്ന് പോലീസ് ആദ്യം അന്വേഷിക്കാന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ക്വട്ടേഷന്‍ സംഘത്തിലുള്ളവരില്‍ ഗള്‍ഫില്‍ നിന്നെത്തിയവരുമുണ്ടെന്ന് പൊലീസിന് വ്യക്തമായത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്നത്. മാര്‍ച്ച് 26നാണ് മുന്‍ റേഡിയോ ജോക്കി രാജേഷിനെ തിരുവനന്തപുരം മടവൂരില്‍ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.