കണ്ടാലറിയുന്നവരെന്ന പേരില്‍ പൊലീസ് നാടകം കളിച്ചതെന്തിന്? ആരാണ് നുണപറയുന്നതെന്ന് നദീര്‍

Update: 2018-06-03 09:44 GMT
Editor : admin
കണ്ടാലറിയുന്നവരെന്ന പേരില്‍ പൊലീസ് നാടകം കളിച്ചതെന്തിന്? ആരാണ് നുണപറയുന്നതെന്ന് നദീര്‍
Advertising

വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ കേസിലെ മൂന്നാം പ്രതിയാണ് താനെന്നാണ് തലശേരിയില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പറയുന്ന നദീര്‍ ആരാണ് നുണ പറയുന്നത് , ഡിജിപിയാണോയെന്നും ചോദിക്കുന്നു

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ തന്നെ കസ്റ്റയിലിടെുത്തപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ അവകാശവാദം തെറ്റാണെന്ന് നദീര്‍. 2016 മെയ് മാസത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഹസറിലും തന്‍റെ പേരും മുഴുവന്‍ വിവരങ്ങളും എങ്ങനെയാണ് വന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നദീര്‍ ചോദിക്കുന്നു, തലശ്ശേരി സെഷൻസ് കോടതിയിൽ വക്കാലത്ത് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട പൊലീസ് ഫയലുകളുടെ സർട്ടിഫൈഡ് കോപ്പികൾ ഇന്നലെയാണ് കയ്യില്‍ കിട്ടിയതെന്നും എത്ര ഭീകരമായി പോലീസിന് ഒരു നിരപരാധിയെ കള്ളക്കേസിൽ ഉൾപ്പെടുത്തി ജീവിതം നശിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കെട്ടിച്ചമച്ച തിരക്കഥയെന്നും വ്യക്തമാക്കിയതാണ് നദീര്‍ തന്‍റെ പോസ്റ്റ് തുടങ്ങുന്നത്.

വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ കേസിലെ മൂന്നാം പ്രതിയാണ് താനെന്നാണ് തലശേരിയില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പറയുന്ന നദീര്‍ ആരാണ് നുണ പറയുന്നതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം.

തലശ്ശേരി സെഷൻസ് കോടതിയിൽ വക്കാലത്ത് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട പോലീസ് ഫയലുകളുടെ സർട്ടിഫൈഡ് കോപ്പികൾ ഇന്നലെയാണ് കയ്യിൽ കിട്ടിയത്.
എത്ര ഭീകരമായി പോലീസിന് ഒരു നിരപരാധിയെ കള്ളക്കേസിൽ ഉൾപ്പെടുത്തി ജീവിതം നശിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കെട്ടിച്ചമച്ച തിരക്കഥ.

2016 ഡിസംബർ 19നാണ് ആറളം സ്റ്റേഷനിലെ 148/16 എന്ന ക്രൈമുമായി ബന്ധപ്പെട്ട് എന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിറ്റേന്ന് (20ന്) തെളിവില്ല എന്നും പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്തു. FIR-ലും പോലീസ് റിപ്പോർട്ടിലും മൂന്നു പ്രതികൾക്ക് പുറമേ കണ്ടാലറിയാവുന്നവർ എന്നതിൽ സംശയം തോന്നി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് ഡിജിപി ഉൾപ്പെടെ പത്ര മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നത്.

എന്നാൽ,

എന്റെ പേരും അഡ്രസും മുഴുവൻ വിവരങ്ങളും 2016 മെയ്യിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും സ്വീഷർ മഫസ്റ്ററിലും ഉൾപ്പെടെ എങ്ങനെ വന്നു?

മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു എന്ന് 2016 മെയ്യിലെ ഡി വൈ എസ് പി റിപ്പോർട്ടിൽ കാണുന്നു, ഈ 'കണ്ടാലറിയുന്നവർ' എന്നും പറഞ്ഞു പോലീസ് നാടകം കളിച്ചത് എന്തിനായിരുന്നു?

2017 ജനുവരി 9ന് ഹൈക്കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ടിൽ നാലാം പ്രതി ആക്കി എന്റെ മുൻ‌കൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു. എന്നാൽ തലശ്ശേരിയിൽ നിന്നു ലഭിച്ച രേഖകളിൽ 2016 മെയ്യിൽ തന്നെ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണ് ഞാനെന്നു കാണുന്നു.. എങ്ങനെ?

എനിക്കും എല്ലാം കൂടെ തല കറങ്ങുന്നുണ്ട്.. ഒന്നും ഒന്നും മനസ്സിലാവുന്നില്ല..

ആരാണ് നുണ പറയുന്നത്?
ഡിജിപി??

സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടായ പ്രതിഷേധങ്ങൾ കൊണ്ട് പോലീസ് തങ്ങൾ തയ്യാറാക്കിയ നാടകത്തിനു താൽക്കാലിക ഇടവേള നൽകുക മാത്രമാണോ ഉണ്ടായത് ?

എല്ലാ പ്രതിഷേധങ്ങളും സംസാരങ്ങളും കെട്ടടങ്ങി, സ്വാഭാവികം.. വിഷയങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് എനിക്കും നന്നായി അറിയാവുന്ന കാര്യമാണ്..

എത്ര നാളാണ് സമാധാനമായി ഉറങ്ങാൻ കഴിയാതെ രാത്രികൾ തള്ളി നീക്കി കഴിച്ചു കൂട്ടുക..
എന്റെ വിഷയം എല്ലാവരും മറന്നേക്കുക..
നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും ഞാൻ പോകും.. എത്ര കഷ്ടപ്പെട്ടാലും നടന്നു മടുത്താലും ഞാൻ നീതി നേടും..
ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഒരേ ഒരു ഉറപ്പു മതി മുന്നോട്ടു പോകാൻ..

എല്ലാവരും ഒന്നോർക്കുക..
ഭരണകൂടം വേട്ടയാടി ജീവിതം നശിപ്പിച്ച/നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ നിരപരാധിയുടെ പേരല്ല നദി.,
ഇത്തരം ഭീകര നിയമങ്ങൾ നദിയിലൂടെ അവസാനിക്കുമെങ്കിൽ മരിക്കാൻ പോലും ഞാൻ തയ്യാറാണ്..

നാളെ പുലരുമ്പോൾ
എന്റെ പേരിന്റെ സ്ഥാനത്
നിങ്ങൾ ആരുടെയെങ്കിലും പേരു വന്നേക്കാം.
ഒരു തെറ്റും ചെയ്യാതെ നിങ്ങളിപ്പോൾ ഉറങ്ങുന്നതു പോലെ മനസ്സമാധാനത്തോടെ 2016 മാർച്ച്‌ 3ന് കോഴിക്കോട് കിടന്നുറങ്ങിയ ഞാനാണ് പുലർന്നപ്പോൾ കിലോമീറ്ററുകൾക്കപ്പുറം മാർച്ച്‌ 3നു നടന്ന ഭീകര പ്രവർത്തനത്തിൽ പങ്കെടുത്തതെന്നു പോലീസ് പറയുന്ന തീവ്രവാദി ആയത്.

ഉറങ്ങരുത് ആരും..
മിണ്ടുകയും അരുത്..

ഖത്തറിലെ ജോലി പോയി..
യാത്രയോളം എനിക്കിഷ്ടമുള്ള ഒന്നും ഉണ്ടായിരുന്നില്ല, അതിനുള്ള അവകാശവും നഷ്ടപ്പെട്ടു..
കോഴിക്കോട്.. വീട്..
അങ്ങനെയാണിപ്പോൾ ജീവിതം..
എത്ര നാളെടുക്കും കേസ് അനുകൂലമാക്കാൻ എന്നറിയില്ല..
ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാവരുത്..
അതെങ്കിലും ഓർത്ത് ഒന്നിച്ചൊരു ശബ്ദം നിങ്ങളിൽ നിന്നു പ്രതീക്ഷിച്ചിരുന്നു..

#UAPA എന്ന ഭീകര നിയമം റദ്ദ് ചെയ്യുക

നീതി

വേണം
കിട്ടിയേ തീരൂ..

തലശ്ശേരി സെഷൻസ് കോടതിയിൽ വക്കാലത്ത് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട പോലീസ് ഫയലുകളുടെ സർട്ടിഫൈഡ് കോപ...

Posted by നദീ on Monday, January 30, 2017
Tags:    

Writer - admin

contributor

Editor - admin

contributor

Similar News