സിയോണ്‍ മഴക്കോട്ടുമായി കണ്ണൂരില്‍ നിന്ന് സി യു തോമസ്
സ്വന്തം ആവശ്യത്തിന് നിശ്ചയിച്ച അതേ ഗുണനിലവാരം വിപണിയിലും നിലനിര്‍ത്തുന്നു എന്നതുതന്നെയാണ് സിയോണിന്റെ വിജയരഹസ്യം.
കണ്ണൂര്‍ സ്വദേശിയായ സി യു തോമസ് സ്വന്തം ആവശ്യത്തിന് നിര്‍മിച്ച മഴക്കോട്ട് ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡാണ്. സിയോണ്‍ റെയിന്‍കോട്ട്. സ്വന്തം ആവശ്യത്തിന് നിശ്ചയിച്ച അതേ ഗുണനിലവാരം വിപണിയിലും നിലനിര്‍ത്തുന്നു എന്നതുതന്നെയാണ് സിയോണിന്റെ വിജയരഹസ്യം.
സിയോണ്‍ റെയിന്‍ കോട്ടിന്റെ പിറവിക്ക് പിന്നില്‍ ഹൃദയത്തില്‍ തൊടുന്ന ഒരു കാരണമുണ്ട്‍. മഴക്കാലത്ത് നനഞ്ഞൊലിക്കാതെ ഇരുച്ചക്ര വാഹനത്തില്‍ മീന്‍ വില്‍ക്കാന്‍ കഴിയുന്ന ഒരു മഴക്കോട്ടിനായി കടകള്‍ കയറിയിറങ്ങി നിരാശനായ സി യു തോമസിന്റെ ജീവിതമാണത്. കണ്ണൂര്‍ പിലാത്തറക്കാക്ക് സുപരിചിതനായിരുന്ന ഈ മീന്‍ കച്ചവടക്കാരന്‍ ഒടുവില്‍ സ്വന്തമായി ഒരു മഴക്കോട്ടുണ്ടാക്കി. ഒന്നുരണ്ടെണ്ണം സുഹൃത്തുക്കള്‍ക്കും കൊടുത്തു. ഇതിന്റെ ഗുണമേന്മ കേട്ടറിഞ്ഞവര്‍ കോട്ടന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെ അതൊരു വ്യവസായമായി. അവിടെത്തുടങ്ങിയതാണ് സിയോണിന്റ വിജയഗാഥ.
5 വര്‍ഷം മുമ്പാണ് രണ്ട് ലക്ഷം രൂപ മുടക്കി രണ്ട് തയ്യല്‍ മെഷീനും ഒരു വെല്‍ഡിങ്ങ് മെഷീനും തോമസ് വാങ്ങിയത്. ജോലിക്കാരായി ഭാര്യ പുഷ്പയും മകന്‍ ഷിബിനും മകള്‍ ആന്‍സിയും മാത്രം. വീടുതന്നെ യൂണിറ്റ്. ആദ്യ വര്‍ഷത്തെ വിറ്റുവരവ് മൂന്ന് ലക്ഷം രൂപ. ഇപ്പോള്‍ അത് രണ്ട് കോടി കവിഞ്ഞു. ഇപ്പോള്‍ നിര്‍മാണം കേന്ദ്രം പ്രവര്‍ത്തിക്കുന്ന പരിയാരത്തുതന്നെ പുതിയ യൂണിറ്റ് ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് സിയോണ്‍. 240 രൂപ മുതല്‍ 1300 രൂപ വരെ വിലയുളള വൈവിധ്യങ്ങളായ മഴക്കോട്ടുകള്‍ സിയോണ്‍ വിപണിയിലെത്തിക്കുന്നുണ്ട്..