സീറോ മലബാര്‍ സഭയ്ക്ക് ഒരു മുന്നണിയോടും പ്രത്യേക മമതയില്ല
തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ യുഡിഎഫിനെ പിന്തുണച്ചുകൊണ്ടുവന്ന വാര്‍ത്ത സഭയുടെ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ
തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ യുഡിഎഫിനെ പിന്തുണച്ചുകൊണ്ടുവന്ന വാര്‍ത്ത സഭയുടെ നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കി. സഭയ്ക്ക് ഒരു മുന്നണിയോടും പ്രത്യേക മമതയില്ലെന്ന് സഭാ വക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭ തിരഞ്ഞെടുപ്പില്‍ മദ്യനയമാണ് മുഖ്യവിഷയമെന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മദ്യനിരോധനമെന്ന യുഡിഎഫിന്‍റെ നയത്തിനാണ് പിന്തുണയെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഇതിനോടൊപ്പം തൃശ്ശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച് പ്രത്യക വാര്‍ത്തയും നല്‍കി. എന്നാല്‍ ഇത് സീറോ മലബാര്‍ സഭയുടെ നിലപാടല്ലെന്ന് സഭാ വക്താവ് ജിമ്മി പൂച്ചക്കാട്ടില്‍ വ്യക്തമാക്കി.
പ്രാദേശിക തലത്തില്‍ ചില ഒറ്റപ്പെട്ട വികാരങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഒരു മുന്നണിയോടും സഭയ്ക്ക് പ്രത്യേകതാല്‍പര്യമില്ല. മദ്യനയത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇത്തരം വാര്‍ത്തകള്‍ സഭയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും സഭാനേതൃത്വം സമ്മതിച്ചു.