ആഭരണപ്പെട്ടികള്‍ നിര്‍മിച്ച് കേരള വ്യവസായ ഭൂപടത്തില്‍ പി കെ ട്രേഡേഴ്‌സും
പ്രമുഖ ജ്വല്ലറികള്‍ക്ക് വേണ്ടി ആഭരണപ്പെട്ടികള്‍ നിര്‍മിക്കുന്ന കൊച്ചി കാക്കനാട്ടെ പി കെ ട്രേഡേഴ്‌സിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.
കേരളം വ്യവസായികള്‍ക്ക് പറ്റിയ ഇടമല്ലെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ ഈ വിലയിരുത്തല്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് രണ്ട് ചെറുപ്പക്കാര്‍. വലിയ ബിസിനസ് മേഖലകളിലെ അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വലിയ സംരംഭകരായി മാറിയവര്‍. പ്രമുഖ ജ്വല്ലറികള്‍ക്ക് വേണ്ടി ആഭരണപ്പെട്ടികള്‍ നിര്‍മിക്കുന്ന കൊച്ചി കാക്കനാട്ടെ പി കെ ട്രേഡേഴ്‌സിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.
വലിയ പ്രതീക്ഷകളുമായി 2006ലാണ് സാഹിറും സാബിനും ദുബൈയില്‍ തങ്ങളുടെ കന്നി സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ അത് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സഹോദരന്‍മാര്‍ ഇന്ന് കേരളത്തിന്റെ വ്യവസായ മേഖലയില്‍ ചുവടുറപ്പിക്കുകയാണ്.
നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് അവിടെ തിരിച്ചടിയായത്. എന്നാല്‍ ആ പരീക്ഷണം അവര്‍ കേരളത്തിലേക്ക് പറിച്ചുനട്ടു. കേരളത്തിലെ പ്രമുഖ ജ്വല്ലറികളെല്ലാം ഇന്ന് പി കെ ട്രേഡേഴ്‌സിന്റെ ഉപഭോക്തക്കാണ്. ദുബൈയെ അപേക്ഷിച്ച് നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞതാണ് കേരളത്തിലെ വിജയത്തിന്റെ മുഖ്യകാരണം.
2014ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച നിര്‍മാണ യൂനിറ്റ് ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ജ്വല്ലറി ബോക്‌സ് നിര്‍മാതാക്കളായി മാറിക്കഴിഞ്ഞു. ഭീമ, ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ്, ചുങ്കത്ത് ജ്വല്ലറി, കീര്‍ത്തിലാല്‍, കല്യാണ്‍ ജ്വല്ലേഴ്‌സ്, ജിആര്‍ടി ജ്വല്ലേഴ്‌സ് എന്നിങ്ങനെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളെല്ലാം ഇന്ന് പി കെ ട്രേഡേഴ്‌സിനെയാണ് ആശ്രയിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും ചൈന, യുഎസ്എ, ജര്‍മനി എന്നിവിടങ്ങളിലേക്കും കയറ്റുമതിയും നടത്തുന്നുണ്ട്.