തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യം സത്യവാങ്മൂലത്തിലില്ല
തെരുവ് നായ വിഷയത്തില്‍ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. തെരുവ് നായ ശല്യം നേരിടുന്നതിന് ഡോഗ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും, ജില്ലാ തലത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, അക്രമകാരികളായ നായക്കളെ കൊല്ലുന്ന കാര്യത്തിലോ, പുല്ലുവിളയില്‍ സ്ത്രീ നായകടിയേറ്റ് മരിച്ച സംഭവമോ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നില്ല.
സംസ്ഥാനത്ത് തെരുവ് നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കയാണെന്നാരോപിച്ച് അഭിഭാഷകനായ അനുപം തൃപാഠി നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അക്രമകാരികളായ നായക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചോ, പുല്ലുവിളയില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ചും സത്യവാങ്മൂലത്തില്‍ ഒന്നും പറയുന്നില്ല.
പകരം, തെരുവ് നായ ശല്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ചാണ് സത്യവാങ്മൂലം പറയുന്നത്. തെരുവ് നായകള്‍ക്കായി ഡോഗ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും, ഇതിനായി മൂന്നേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. നായകളെ പുനരധിവസിപ്പിക്കാന്‍ ജില്ലാ തലത്തില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നായകളെ ദത്തെടുക്കാനുള്ള അവസരം നല്‍കും. വന്ധീകരണ നടപടികള്‍ ഊര്‍ജ്ജിതമാക്കും. ഇതിനായി മുന്‍സിപ്പാലിറ്റി കേന്ദ്രങ്ങളില്‍ സംവിധാനമൊരുക്കും തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.