എം സ്വരാജിന് വിമത പിന്തുണ തേടി പി രാജീവ്
എം സ്വരാജിന് പിന്തുണ തേടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് വിമതരുമായി ചര്‍ച്ച നടത്തി
തൃപ്പൂണിത്തുറയിലെ പാര്‍ട്ടി വിമതരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. എം സ്വരാജിന് പിന്തുണ തേടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് വിമതരുമായി ചര്‍ച്ച നടത്തി. പിന്തുണയ്ക്കാമെന്നും എന്നാല്‍ പ്രാദേശിക നേതൃത്വവുമായി സഹകരിക്കില്ലെന്നും വിമതര്‍ നിലപാട് എടുത്തു.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎം ശക്തി കേന്ദ്രമായ ഉദയം പേരൂരിലെ വിമത ശബ്ദം മണ്ഡലത്തിലെ സ്ഥാനാര്‍ഥി എം സ്വരാജിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് വിമതരുമായി ഒത്തുതീര്‍പ്പിലെത്താന്‍ സിപിഎം തീരുമാനിച്ചത്.
രണ്ട് പതിറ്റാണ്ടായി ഭരിച്ചിരുന്ന ഉദയം പേരൂര്‍ പഞ്ചായത്തിലെ ഭരണം നഷ്ടമായതിന്റെ പേരിലാണ് പാര്‍ട്ടി ഒരു വിഭാഗത്തിനെതിരെ നടപടി എടുത്തത്. തുടര്‍ന്ന് പി കൃഷ്ണപിള്ള സ്മാരക സമിതി എന്ന പേരില്‍ സംഘടന പുനരുജ്ജീവിപ്പിച്ചാണ് വിമതര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഞായറാഴ്ച വൈകിട്ട് നടന്ന ഉദയംപേരൂര്‍ ഐ ഓ സി പ്ലാന്റിലെ സിഐടിയു തൊഴിലാളികളുടെ കണ്‍വെന്‍ഷനാണ് വിമതരുമായുള്ള ചര്‍ച്ചയ്ക്ക് വേദിയായത്. ഈ യോഗത്തിലേക്ക് വിമത നേതാവ് ടി രഘുവരനെയും അനുയായികളെയും ക്ഷണിച്ച് വരുത്തുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി പ്രവര്‍ത്തിക്കാം എന്ന് വിമത വിഭാഗം ഉറപ്പ് നല്കി. മുന്നണിക്ക് സമാന്തരമായിരിക്കും വിമത നേതൃത്വത്തിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി പ്രാദേശിക നേതൃത്വവുമായാണ് അഭിപ്രായ വ്യത്യാസമുള്ളത്. വിഷയത്തില് തുടര്‍ ചര്‍ച്ചകള്‍ ആവാമെന്ന് പി രാജീവ് വിമത വിഭാഗത്തിന് വാക്ക് കൊടുത്തിട്ടുണ്ട്. വിമത വിഭാഗത്തിന്റെ കണ്‍ വെന്‍ഷന്‍ അടുത്തമാസം 1 ന് വിളിച്ച് ചേര്‍ക്കാനും തീരുമാനമായി.