ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ പരിക്കില്ല; മരണം വിഷം ഉള്ളില്‍ ചെന്നാകാമെന്ന് സംശയം
ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും ലിഗയ്ക്ക് ഒറ്റയ്ക്ക് കണ്ടല്‍ക്കാട് നിറഞ്ഞ പ്രദേശത്ത് എത്താനാകില്ലെന്നതാണ് പൊലീസ് നിഗമനം.
തിരുവനന്തപുരം തിരുവല്ലത്ത് വിദേശ വനിതയുടെ മൃതശരീരം കണ്ടെത്തിയ സംഭവത്തില്‍ ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങള്‍ക്കോ പരിക്കില്ലെന്ന് പൊലീസ്. മരണം വിഷം ഉള്ളില്‍ ചെന്നാകാമെന്നാണ് സംശയം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്ഥിരീകരിക്കും.
സംഭവത്തില്‍ അന്വേഷണം കോവളത്തെ ലഹരി മാഫിയയിലേക്ക് നീങ്ങുകയാണ്. ലഹരി മരുന്ന് കേസുകളില്‍ മുമ്പ് പിടിയിലായിട്ടുള്ളവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. സംഭവം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാളെ പരാതി നല്‍കുമെന്നും ലിഗയുടെ സഹോദരി ഇലീസ് പറഞ്ഞു.
മൃതശരീരം ലിഗയുടേതാണെന്ന് കുടുംബം ഉറപ്പിച്ച് സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും ലിഗയ്ക്ക് ഒറ്റയ്ക്ക് കണ്ടല്‍ക്കാട് നിറഞ്ഞ പ്രദേശത്ത് എത്താനാകില്ലെന്നതാണ് പൊലീസ് നിഗമനം. കോവളത്തെ ലഹരി മരുന്ന് സംഘങ്ങളുടെ പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ബോട്ടുകളിലും വള്ളങ്ങളിലും ടൂറിസ്റ്റുകളെ കൊണ്ടു പോകുന്നവരുടെ പട്ടികയും പൊലീസിന് ലഭിച്ചു. ലിഗയ്ക്ക് ഒറ്റയ്ക്ക് ഒരിക്കലും ഇവിടേക്ക് എത്താനാകില്ലെന്ന് സഹോദരി ഇലീസ് പറഞ്ഞു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ അന്വേഷണ സംഘത്തിന് ലഭിക്കും. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ചൊവ്വാഴ്ച്ചയോടെ പൂര്‍ത്തിയാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.