കാല്‍നൂറ്റാണ്ടിനു ശേഷം തൃപ്പൂണിത്തുറ പിടിച്ചടക്കി സിപിഎം

Update: 2018-06-04 22:02 GMT
Editor : admin
കാല്‍നൂറ്റാണ്ടിനു ശേഷം തൃപ്പൂണിത്തുറ പിടിച്ചടക്കി സിപിഎം
Advertising

കെ ബാബുവിനെ 4467 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിച്ചത്.

Full View

അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട തൃപ്പൂണിത്തുറയില്‍ എം സ്വരാജ് നേടിയത് തിളക്കമാര്‍ന്ന വിജയം. കെ ബാബുവിനെ 4467 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിച്ചത്. സിപിഎമ്മിലെ വിഭാഗീയത പൂര്‍ണമായും മാറിനിന്നതും വിജയത്തിന് വഴിവെച്ചു.

എറണാകുളത്തെ മോസ്കോയെന്നറിയപ്പെട്ടിരുന്ന തൃപ്പൂണിത്തുറയിലേത് അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നായിരുന്നു ഇടതുപക്ഷം വിശേഷിപ്പിച്ചത്. അനശ്ചിതത്വത്തിനൊടുവില്‍ എം സ്വരാജ് മത്സരരംഗത്തിറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും വിജയം ഇടതുപക്ഷം ഉറപ്പാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വിപരീതമായി വിഭാഗീയതകളെല്ലാം മാറ്റിവെച്ച് സിപിഎം ഒന്നിച്ചതും വിജയത്തിന് വഴിവെച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ എരൂര്‍, ഉദയംപേരൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ നേരിയ ഭൂരിപക്ഷം നേടിയ സ്വരാജിന് തൃപ്പൂണിത്തുറ മുന്‍സിപാലിറ്റിയില്‍ നിന്ന് ലഭിച്ച 2000 വോട്ടിന്‍റെ ഭൂരിപക്ഷമണ് വിജയം ഉറപ്പിച്ചത്.

യുഡിഎഫിന് എന്നും മേല്‍കൈ ലഭിക്കുന്ന കുമ്പളം, മരട്, ഇടക്കൊച്ചി പ്രദേശങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച ലീഡ് ലഭിക്കാതായതോടെതന്നെ പരാജയം കെ ബാബു സമ്മതിച്ചു. ന്യൂനപക്ഷങ്ങള്‍ തന്നെ കൈവിട്ടതും കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാടും പരാജയത്തിന് കാരണമായെന്ന് ബാബു പ്രതികരിച്ചു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്‍ നേടിയ 29843 വോട്ടും നിര്‍ണായകമായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News