കെഎംഎംഎല്ലില്‍ 100 കോടിയുടെ അഴിമതി നടന്നെന്ന് സീനിയര്‍ അക്കൗണ്ടന്റ്
തന്റെ അറിവില്‍ മാത്രം കെഎംഎംഎല്ലില്‍ 100 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സീനിയര്‍ അക്കൗണ്ടന്റ് വി ആര്‍ ബൈജു
ചവറ കെഎംഎംഎല്ലിലെ കോടികളുടെ അഴിമതി കഥകള്‍ തുറന്ന് പറഞ്ഞ് കമ്പനിയിലെ സീനിയര്‍ അക്കൗണ്ടന്റ് വി ആര്‍ ബൈജു. തന്റെ അറിവില്‍ മാത്രം കെഎംഎംഎല്ലില്‍ 100 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ അടക്കം തടഞ്ഞെന്നും ബൈജു മീഡിയവണിനോട് പറഞ്ഞു.
2000 മുതലുള്ള കാലഘട്ടത്തില്‍ 100 കോടിയിലധികം തുകയുടെ വെട്ടിപ്പ് ചവറ കെഎഎംഎംഎല്ലില്‍ നടന്നിട്ടുണ്ടെന്നാണ് സീനിയര്‍ അക്കൗണ്ടന്റ് വി ആര്‍ ബൈജു പറയുന്നത്. അസംസ്‌കൃത സാധനങ്ങളുടെ ഇറക്കുമതിയിലടക്കം കോടികളുടെ വെട്ടിപ്പ് നടന്നു. ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റിനായി നടന്ന മഗ്നീഷ്യം ഇറക്കുമതി ഇതിന് ഉദാഹരണമാണ്. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ നിരന്തരം വേട്ടയാടപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാപ്പായ്ക്ക് കൂടുതല്‍ പണം അനുവദിക്കാനുള്ള നീക്കത്തില്‍ വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും ബൈജു വ്യക്തമാക്കി. കെഎംഎംഎല്ലിന്റെ പ്രധാന ഉത്പന്നമായ ടൈറ്റാനിയം ഡൈഓക്‌സൈഡ് പിഗ്മെന്റെ വില്‍പ്പനയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.