നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അംഗീകരിക്കാനാകില്ലെന്നും ബസ് ഉടമകള്‍
സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് സമരം പ്രഖ്യാപിച്ചത്.19 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരവും ആരംഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ചാര്‍ജ് നാമമാത്രമാണ് എന്നാണ് ബസുടമകളുടെ നിലപാട്. അതിനാല്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് തുടരാന്‍ ഇന്ന് നടന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് നിര്‍ബന്ധമായി പുനര്‍ നിര്‍ണയിക്കണം, അല്ലാതെയുള്ള യാതൊരു ഒത്തുതീര്‍പ്പും അംഗീകരിക്കില്ല. യാത്രക്കാരില്‍ 65 ശതമാനവും വിദ്യാര്‍ത്ഥികളാണെന്നും അതിനാല്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ബസുടമകള്‍ പറഞ്ഞു.
ജ. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ചര്‍ച്ചക്ക് ഇനിയും തയ്യാറാണെന്നുമാണ് ബസുടമകളുടെ നിലപാട്. ജനങ്ങളുടെ ബുദ്ധിമുട്ട് ബസുടമകള്‍ മനസിലാക്കണമെന്നും ചര്‍ച്ചക്ക് ഇനിയും തയ്യാറാണെന്നും മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.