സമരം നാലാം ദിവസത്തിലേക്ക്; പലരും ഡിസ്ചാര്‍ജ് വാങ്ങി
പലയിടത്തും ഒപികള്‍ പ്രവര്‍ത്തിച്ചില്ല.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ രോഗികള്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിത്തുടങ്ങി. പുതുതായി രോഗികളെ പ്രവേശിപ്പിക്കാന്‍ മിക്ക സര്‍ക്കാര്‍ ആശുപത്രികളും തയ്യാറാകുന്നുമില്ല. ചിലയിടങ്ങളില്‍ കാഷ്വാലിറ്റി മാത്രമാണ് ഇന്ന് പ്രവര്‍ത്തിച്ചത്. ദുരിതാവസ്ഥയിലാണ് സര്‍ക്കാര്‍ ആശുപതയിലെത്തുന്ന എല്ലാവരും.
സാധാരണ ദിവസങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് ഒരിടത്തും ഇല്ലായിരുന്നു. മറ്റ് ആശുപത്രികളിലേക്ക് പോകാന്‍ നിവ്യത്തിയില്ലാത്തവരും, സമരം നടക്കുന്നത് അറിയാത്തവരുമാണ് ചികിത്സ തേടിയെത്തിയത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന പലരും ഡിസ്ചാര്‍ജ് വാങ്ങി മെഡിക്കല്‍ കോളേജിലേക്കും, സ്വകാര്യ ആശുപത്രികളിലേക്കും പോയി.
പലയിടത്തും ഒപികള്‍ പ്രവര്‍ത്തിച്ചില്ല. കാഷ്വാലിറ്റിയില്‍ ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഡോക്ടറെ കാത്ത് മണിക്കൂറികളോളം നില്‍ക്കേണ്ടി വന്ന രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം ആശുപത്രിയില്‍ പതിവായിട്ടുണ്ട്.