നോട്ടീസ് നല്‍കാതെ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍
സമരം നിര്‍ത്തിവെച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന് മന്ത്രിസഭായോഗം
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണസമരത്തെ ശക്തമായി നേരിടാന്‍ മന്ത്രിസഭ തീരുമാനം. പ്രൊബേഷണില്‍ ജോലി ചെയ്യുന്നവര്‍ ഹാജരായില്ലെങ്കില്‍ പിരിച്ച് വിടും. സമരം അവസാനിപ്പിക്കാതെ ഡോക്ടര്‍മാരുമായി ചര്‍ച്ചക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രകോപിപ്പിച്ചാല്‍ അത്യാഹിത വിഭാഗം കൂടി നിര്‍ത്തിവെയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
രോഗികളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് എത്തിയതോടെയാണ് രാവിലെ ചേര്‍ന്ന മന്ത്രിസഭയോഗം വിഷയം ചര്‍ച്ച ചെയ്തത്. നിലവിലെ സാഹചര്യവും, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളും ആരോഗ്യമന്ത്രി യോഗത്തെ അറിയിച്ചു. തുടര്‍ന്ന് സമരത്തെ കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സമരം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ന്യായമല്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിയമപരമായി നടപടിയെടുത്ത് തന്നെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നോട്ടീസ് നല്‍കാതെയുള്ള സമരത്തെ സമരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കെജിഎംഒഎ രംഗത്ത് വന്നു. എന്നാല്‍ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിലെ ജോലി കൂടി അവസാനിപ്പിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ എ. കെ റൌഫ് മുന്നറിയിപ്പ് നല്കി.
ദുര്‍വാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.