ഡബിള്‍ വളര്‍ച്ചയില്‍ ഡബിള്‍ ഹോഴ്സ്
അരിപൊടിയില്‍ നിന്ന് തുടങ്ങി മസാലപൊടികളും റെഡി ടു ഈറ്റ് വിഭവങ്ങളുമടക്കം 200 ല്പരം ഉല്പന്നങ്ങളാണ് ഡബിള്‍ ഹോഴ്സ് വിപണിയിലെത്തിക്കുന്നത്.
ഡബിള്‍ ഹോഴ്സ് എന്ന ബ്രാന്റ് ലോകത്തെവിടെയും ഇന്ന് പരിചിതമാണ്. അരിപൊടിയില്‍ നിന്ന് തുടങ്ങി മസാലപൊടികളും റെഡി ടു ഈറ്റ് വിഭവങ്ങളുമടക്കം 200 ല്പരം ഉല്പന്നങ്ങളാണ് ഡബിള്‍ ഹോഴ്സ് വിപണിയിലെത്തിക്കുന്നത്. ഭക്ഷ്യോല്പന്ന മേഖലയില്‍ തന്നെ വൈവിധ്യവത്കരണത്തിലൂടെ വിപണി കീഴടക്കിയ ഡബിള്‍ ഹോഴ്സിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ -മലബാര്‍ ഗോള്‍ഡ് ഗോ കേരള.
സാധാരണക്കാര്‍ തേടിയെത്തുന്ന വിലകുറഞ്ഞ അരിയില്‍ നിന്ന് കല്ലും മണ്ണും ഒഴിവാക്കി വില്‍ക്കാന്‍ തൃശ്ശൂര്‍ അരിയങ്ങാടിയിലെ അരി വ്യാപാരിയായിരുന്ന എം ഒ ജോണ്‍ തീരുമാനിച്ചത് 1959ല്‍. സ്വന്തമായുണ്ടാക്കിയ അരിപ്പകള്‍ കൊണ്ട് മണ്ണും കല്ലും നീക്കിയ അരി പാക്കറ്റിലാക്കി വിറ്റപ്പോള്‍ ആവശ്യക്കാരേറി. അതാണ് ഡബിള്‍ ഹോഴ്സിന്റെ തുടക്കം. 1980 ല്‍ സ്വന്തം മില്ല് തുടങ്ങി. ഒപ്പം ഡബിള്‍ ഹോഴ്സ് എന്ന പേരും സ്വീകരിച്ചു. 2005 ല്‍ വിവിധ മസാലപൊടികളും, 2010 ല്‍ റെഡി ടു ഈറ്റ് ഉത്പന്നങ്ങളും വിപണിയിലെത്തിച്ചു.
ഓരോ വര്‍ഷവും ഇരുപതിലധികം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഡബിള്‍ ഹോഴ്സ് ഇക്കുറി തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കാണ് മുന്‍ഗണന നല്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പത്തിലധികം യൂണിറ്റുകളും 1500 ലധികം സ്ഥിരം ജീവനക്കാരുമുണ്ട്. മുപ്പതിലധികം വിദേശരാജ്യങ്ങളിലേക്കും ഡബിള്‍ഹോഴ്സ് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നു.