രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ യുഡിഎഫ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ യുഡിഎഫ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. കെ എം മാണിയെ ഒപ്പം നിര്‍ത്താന്‍ എന്തുവിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറാകാണമെന്ന മുസ്‍ലിം ലീഗിന്‍റെ നിലപാടാണ് നിര്‍ണായകമായത്.
അതേസമയം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.
കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമെന്ന് സുധീരന്‍
തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുമെന്ന് വി എം സുധീരന്‍ പരസ്യമായി പ്രതികരിച്ചു. സീറ്റിന് കേരള കോണ്‍ഗ്രസിന് അര്‍ഹതയില്ല. ഗുരുതരമായ വീഴ്ചയാണ് നേതൃത്വത്തിന് സംഭവിച്ചത്. നേതൃത്വം കനത്തവില നല്‍കേണ്ടിവരുമെന്നും സുധീരന്‍ വിമര്‍ശിച്ചു. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ നേരത്തെ എം എം ഹസനെയും രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചെന്ന് ബല്‍റാം
സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതെന്ന് വി ടി ബല്‍റാം. പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കാത്ത നടപടി തിരുത്തണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
ഗൂഢാലോചനയെന്ന് പി ജെ കുര്യന്‍
ചില ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയാണ് തീരുമാനമെന്ന് പി ജെ കുര്യന്‍. ഉമ്മന്‍ചാണ്ടിയാണ് ഗൂഢാലോചനയുടെ ശില്‍പി. സീറ്റ് കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്തരത്തില്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് രാഹുലിന് കത്തയച്ചതെന്നും കുര്യന്‍ പറഞ്ഞു.
കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് അഡ്വ. കെ ജയന്ത് കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഘടകക്ഷികള്‍ക്ക് മുന്നില്‍ മുട്ടിലിഴയാനാകില്ലെന്ന് ജയന്ത് പറഞ്ഞു.
യുവനേതാക്കള്‍ കത്ത് നല്‍കി
തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ഹൈബി ഈഡന്‍, വി ടി ബല്‍റാം, അനില്‍ അക്കര, റോജി എം ജോണ്‍, ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കത്ത് നല്‍കിയത്. പാര്‍ട്ടി അംഗങ്ങളുടെ വികാരത്തെ മാനിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും നന്ദിയെന്ന് മാണി
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്ന് കെ എം മാണി പറഞ്ഞു. കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹം നന്ദി പറഞ്ഞു.